സ്നേഹത്തിരി കത്തിച്ച് അശോകനും മണിയും
Mail This Article
ആലുവ ∙ കീഴ്മാട് സ്മൃതിതീരത്ത് കുട്ടിയെ സംസ്കരിച്ചിടത്തു തിരിതെളിക്കുകയെന്നത് ശ്മശാന ജീവനക്കാരായ അശോകന്റെയും മണിയുടെയും ദിനചര്യയുടെ ഭാഗമാണിന്ന്. പ്രതിക്കു വധശിക്ഷ കിട്ടിയ ആശ്വാസത്തിലാണ് ഇരുവരും.
രാവിലെ 9 മണിയോടെ ശ്മശാനത്തിൽ എത്തിയാൽ ആദ്യം പോകുക ഈ കുഴിമാടത്തിനരികിലാണ്. മെഴുകുതിരിയോ ചിരാതിലൊഴിക്കാൻ എണ്ണയും തിരിയുമോ കരുതിയിട്ടുണ്ടാകും. കുറച്ചുനേരം ഇവിടെ പ്രാർഥിച്ച ശേഷമാണു മറ്റു ജോലികളിലേക്കു നീങ്ങുന്നത്.
മറ്റു ജില്ലകളിൽനിന്നുൾപ്പെടെ ഒട്ടേറെപ്പേർ കുട്ടിയുടെ കുഴിമാടം സന്ദർശിക്കാൻ എത്താറുണ്ട്. മൃതദേഹം സംസ്കരിക്കാത്ത ദിവസങ്ങളിൽ ഗേറ്റ് അടച്ചിട്ടുപോയാലും കുട്ടിക്കുള്ള റോസാപ്പൂക്കളും മെഴുകുതിരികളും കളിപ്പാട്ടങ്ങളും അവയ്ക്കൊപ്പമുള്ള കുറിപ്പുകളും ഗേറ്റിനരികിൽനിന്നു കിട്ടാറുണ്ട്.
‘അന്നേ ശിക്ഷിച്ചിരുന്നെങ്കിൽ...’
ഉള്ളിലെ നോവിന് ഒന്നും പരിഹാരമല്ലെങ്കിലും പ്രതിക്കു തൂക്കുകയർ വിധിക്കുമ്പോൾ കോടതി മുറിയിലുണ്ടായിരുന്ന അമ്മയുടെ മനസ്സിലിരുന്ന് അവൾ പുഞ്ചിരിച്ചിട്ടുണ്ടാകണം.
മുൻപ് മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അന്നേ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ ഇന്നു തന്റെ കുഞ്ഞ് ഒപ്പമുണ്ടാകുമായിരുന്നുവെന്ന് അമ്മ വിശ്വസിക്കുന്നു.
ഇനി കാശിയിൽ പോയി മകളുടെ മരണാനന്തരകർമങ്ങൾ ചെയ്യാനുള്ള ഒരുക്കത്തിലാണു കുടുംബം. അവൾക്കു നീതി കിട്ടിയിട്ടേ കർമങ്ങൾ പൂർത്തിയാക്കൂ എന്നു തീരുമാനിച്ചിരുന്നു.
‘‘അവളുടെ സഹോദരങ്ങൾ ഇവിടെയാണു പഠിക്കുന്നത്. അവരുടെ പഠനത്തിനാണു മുൻതൂക്കം.
അതുകൊണ്ടു നാട്ടിൽ പോയി തിരിച്ചുവരും’’– കുട്ടിയുടെ പിതാവ് പറഞ്ഞു.
കുരുന്നു ജീവന് പ്രതി കണ്ട വില 10 രൂപ
സംഭവദിവസം കയറിയ കടയിൽവച്ച് കുട്ടി മിഠായി വേണമെന്നു പറഞ്ഞു. അതു വാങ്ങിയ പ്രതി 50 രൂപ നൽകി. കടക്കാരൻ തിരികെ 5 രൂപ നൽകിയപ്പോൾ മാത്രമാണ് 45 രൂപ വിലയുള്ള ‘കിൻഡർജോയ്’ മിഠായിയാണു കുട്ടി വാങ്ങിയതെന്നു പ്രതിക്കു മനസ്സിലായത്. അതു തിരികെക്കൊടുത്തു പ്രതി 10 രൂപയുടെ പാക്കറ്റ് ജൂസ് വാങ്ങി കുട്ടിക്കു നൽകി.
ഈ ജൂസിൽ മദ്യം കലർത്തി നൽകി കുട്ടിയെ അർധബോധാവസ്ഥയിലാക്കിയ ശേഷമാണു പീഡിപ്പിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
വിധിയിൽ സംതൃപ്തി
ഞങ്ങളുടെ നഷ്ടം എന്നും നഷ്ടം തന്നെയാണ്. വിധിയിൽ സംതൃപ്തിയുണ്ട്. ഒപ്പംനിന്ന കേരളത്തിലെ മുഴുവൻ ആളുകളോടും പൊലീസിനോടും അഭിഭാഷകരോടും നന്ദി പറയുന്നു.– കുട്ടിയുടെ അമ്മ
നീതി ലഭിച്ചു;നന്ദി
ഞങ്ങൾ ആശ്വസിക്കുന്നു. ഞങ്ങളുടെ മകൾക്കു നീതി ലഭിച്ചതായി വിശ്വസിക്കുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്കു വേണ്ടി നൽകിയ വിധിയിൽ സംതൃപ്തിയുണ്ട്.– കുട്ടിയുടെ അച്ഛൻ
മകൻ ചെയ്തത് വലിയ തെറ്റ്
പിതാവിനോടു വഴക്കിട്ടാണ് അവൻ വീടു വിട്ടത്, ഇവിടെ വച്ച് അവനൊരു പാവമായിരുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതുവലിയ തെറ്റായിപ്പോയി.- പ്രതിയുടെ മാതാവ് (ഫോണിൽ)