വാഗ്ദാനത്തിൽ നിന്ന് അദാനി പിൻമാറി: സർക്കാർ 50 ലക്ഷം അധികം മുടക്കി
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ബിസിനസ് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ട് മുംബൈയിൽ കേരളം പങ്കെടുത്ത ഗ്ലോബൽ മാരി ടൈം സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതിൽ നിന്ന് അദാനി പോർട്സ് ലിമിറ്റഡ് പിൻമാറി. മുൻധാരണ പ്രകാരം അദാനി കമ്പനി നൽകേണ്ട 50 ലക്ഷം രൂപ ഇതേത്തുടർന്നു സംസ്ഥാന സർക്കാർ അടച്ചു.
ആകെ നൽകേണ്ട ഒരു കോടി രൂപ കേരള മാരി ടൈം ബോർഡും അദാനി കമ്പനിയും തുല്യമായി പങ്കുവയ്ക്കാമെന്ന ധാരണയിലാണു സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെങ്കിലും, ഉത്തരവിറങ്ങിയശേഷം പണം നൽകാനാകില്ലെന്ന് അദാനി കമ്പനി അറിയിക്കുകയായിരുന്നു. ഒക്ടോബർ 17 മുതൽ 19 വരെ മുംബൈയിൽ നടന്ന ഗ്ലോബൽ മാരി ടൈം സമ്മേളനത്തിൽ അദാനി പോർട്സ് അധികൃതരും കേരളത്തിൽനിന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.
രണ്ടുകോടി രൂപയാണു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഫീസ് ഇനത്തിൽ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയതിനാൽ ഇത് ഒരു കോടി രൂപയായി കുറച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, കേരള മാരി ടൈം ബോർഡിന്റെ വിവിധ പദ്ധതികൾ എന്നിവയാണു കേരളത്തിന് അവിടെ അവതരിപ്പിക്കാനുണ്ടായിരുന്നത്. അതുകൊണ്ട് 50 ലക്ഷം രൂപ വീതം അദാനി കമ്പനിയും മാരിടൈം ബോർഡും വഹിക്കാം എന്നു ധാരണയായി. അദാനി പോർട്സ് അധികൃതർ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബറിൽ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
50 ലക്ഷം രൂപ കേരള മാരി ടൈം ബോർഡിന് അനുവദിക്കുകയും ചെയ്തു. എന്നാൽ സമ്മേളനം നടക്കുന്നതിന് ഏതാനും ദിവസം മുൻപാണു വിഹിതം വഹിക്കാനാകില്ലെന്ന് അദാനി പോർട്സ് അറിയിച്ചത്. സമ്മേളനത്തിൽ അദാനിയുടെ തുറമുഖങ്ങളുടെ പ്രത്യേകമായ പവിലിയൻ സ്വന്തം നിലയ്ക്ക് ഒരുക്കുന്നുണ്ടെന്നതാണു കാരണമായി പറഞ്ഞത്. മാത്രവുമല്ല, തുറമുഖ നിർമാണം നടത്തിയ വകയിൽ സംസ്ഥാന സർക്കാർ കോടിക്കണക്കിനു രൂപ നൽകാനുള്ളപ്പോൾ ഇനിയും പണം നൽകാനാകില്ലെന്ന വാദവും ഉന്നയിച്ചു. ഇതോടെ അദാനി പോർട്സ് വാഗ്ദാനം ചെയ്തിരുന്ന 50 ലക്ഷം രൂപ നൽകേണ്ട ഉത്തരവാദിത്തം സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) കമ്പനിയുടെ തലയിലായി.
വിസിലിനു സ്വന്തമായി ഫണ്ട് ഇല്ലാത്തതുകൊണ്ട് ഈ തുക കൂടി തൽക്കാലം കേരള മാരി ടൈം ബോർഡ് ചെലവിടണമെന്നു സർക്കാർ നിർദേശം നൽകി. അധികമായി മുടക്കിയ 50 ലക്ഷം രൂപ കഴിഞ്ഞദിവസം സർക്കാർ അനുവദിക്കുകയും ചെയ്തു. വ്യക്തമായ ഉറപ്പ് ലഭിക്കാതെ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് ഇറക്കുകയും, അധിക ചെലവ് വരുത്തിവയ്ക്കുകയും ചെയ്ത സംഭവത്തിൽ ധനകാര്യ വകുപ്പ് അതൃപ്തി അറിയിച്ചതായാണു വിവരം.