ADVERTISEMENT

തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരിൽ കോൺഗ്രസ്, മുസ്‍ലിം ലീഗ്, ബിജെപി അനുഭാവികളും. വൈസ് ചാൻസലർ നൽകിയ ഔദ്യോഗിക പാനലിലെ 2 പേരൊഴികെ മുഴുവൻ സിപിഎംകാരെയും അദ്ദേഹം തഴഞ്ഞു. അതേസമയം, ചില ക്രിസ്ത്യൻ സംഘടനകൾ നിർദേശിച്ചവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെനറ്റ് അംഗങ്ങൾ ആകേണ്ട ഓരോരുത്തരെയും പ്രത്യേകം വിലയിരുത്തി ഏറ്റവും മികച്ചവർ എന്നു തോന്നിയവരെ മാത്രമാണ് അദ്ദേഹം നാമനിർദേശം ചെയ്തത്. ഇതിൽ പത്മശ്രീ നേടിയ ആളുമുണ്ട്. സർക്കാരിനു താൽപര്യമുള്ളവരുടെ പേരുകൾ വൈസ് ചാ‍ൻസലർ വഴി ഗവർണർക്കു നൽകുകയും അത് അദ്ദേഹം അതേപടി അംഗീകരിക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ കേരള സർവകലാശാലയിൽ കഴിഞ്ഞ തവണ ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അംഗങ്ങൾ അദ്ദേഹത്തിനെതിരെ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇവരെ ഗവർണർ പിൻവലിച്ചെങ്കിലും കോടതി ഇടപെട്ട് സെനറ്റ് അംഗത്വം നിലനിർത്തി. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഓരോരുത്തരെയും വിലയിരുത്തി ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം ചെയ്തത്.

സെനറ്റ് അംഗങ്ങളായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും ഗവർണർക്ക് ബയോഡേറ്റ സഹിതം അപേക്ഷ നൽകിയിരുന്നു.ഇതിനു പുറമേയാണ് വിസിയുടെ ഔദ്യോഗിക പട്ടിക കൂടി ലഭിച്ചത്. 18 പേരെ നാമനിർദേശം ചെയ്തപ്പോൾ നേട്ടം ബിജെപിക്കാണ്. യൂണിവേഴ്സിറ്റിയുടെ 55 വർഷത്തെ ചരിത്രത്തിനിടെ നാമനിർദേശത്തിലൂടെ ബിജെപിക്ക് സെനറ്റിൽ അംഗത്വം ലഭിച്ചിട്ടില്ല. എന്നാൽ, ഇക്കുറി ഗവർണർ നാമനിർദേശം ചെയ്ത 18ൽ 6 പേർ‌ വ്യക്തമായ ബിജെപി രാഷ്ട്രീയമുള്ളവരാണ്. 5 പേർ ബിജെപിക്കൊപ്പം നിൽക്കാ‍ൻ സാധ്യതയുള്ളവരുമാണ്. ഫലത്തിൽ 18ൽ 11 പേരുടെ വരെ പിന്തുണ ബിജെപിക്കു നേടാൻ കഴിയും.

English Summary:

Governor Arif Mohammad Khan selected only two cpm members to Calicut University Senate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com