തിരുവനന്തപുരത്ത് ഓടുന്ന വാനിന് തീപിടിച്ച് അഗ്നിഗോളമായി ; ഡ്രൈവർ ചാടിയിറങ്ങി രക്ഷപ്പെട്ടു
Mail This Article
തിരുവനന്തപുരം∙ ആളിപ്പടരുന്ന തീയുമായി തലസ്ഥാന നഗരമധ്യത്തിൽ റോഡിലൂടെ ഡ്രൈവറില്ലാതെ വാൻ. അഗ്നിഗോളമായി കുറെദൂരം ഓടിയ വാൻ എതിരെ വന്ന മിനിലോറിയിൽ ഇടിച്ചു നിന്നു. റോഡിൽ കല്ലു നിരത്തി നാട്ടുകാർ വണ്ടി വീണ്ടും സഞ്ചരിക്കുന്നില്ലെന്നുറപ്പാക്കി. അഗ്നിരക്ഷാസേന തീ കെടുത്തി വാഹനം നീക്കം ചെയ്തു. സിഎൻജി ഇന്ധനമായ വാനിലെ വാതക ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ആർക്കും പരുക്കില്ല.
ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പേരൂർക്കടയിൽ നിന്നു അമ്പലമുക്കിലേക്കു വരികയായിരുന്ന മണികണ്ഠേശ്വരം സ്വദേശി ജോർജ് വർഗീസ് വണ്ടിയുടെ മുൻഭാഗത്തു നിന്നു തീയും പുകയും ഉയരുന്നതു കണ്ട് ചാടിയിറങ്ങുകയായിരുന്നു. നിർത്താൻ കഴിയുംമുൻപേ ആളിപ്പടരുന്ന തീയുമായി വാൻ മുന്നോട്ടു നീങ്ങി . ഓട്ടത്തിനിടയിൽ വണ്ടിയുടെ ഭാഗങ്ങൾ കത്തിയടർന്നു റോഡിലേക്കു വീണു. തീ ആളിപ്പടർന്നു വരുന്ന വാൻ കണ്ടു ഭയപ്പെട്ട് പല വാഹനങ്ങളുടെയും ഡ്രൈവർമാർ വണ്ടി ഓടിച്ചു മാറ്റി. ഇതിനിടെ ഡിവൈഡർ ഇല്ലാത്ത ഭാഗത്തു കൂടി റോഡിന്റെ മറുവശത്തേക്കു കടന്ന വാൻ എതിരെ വന്ന മിനിലോറിയിലിടിച്ചു നിന്നു. നാട്ടുകാർ റോഡിൽ വാനിനു മുന്നിൽ കല്ലുനിരത്തി തടഞ്ഞതോടെ ലോറി പിന്നോട്ടെടുത്തു കൂടുതൽ അപകടം ഒഴിവാക്കി. തീപിടിത്തത്തെ തുടർന്നു അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.