കരുവന്നൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ ഇ.ഡി. ചോദ്യം ചെയ്തു
Mail This Article
കൊച്ചി∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടി തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 9.45 ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്തിയ വർഗീസിനെ 11 മണിയോടെ ചോദ്യം ചെയ്തു തുടങ്ങി. കരുവന്നൂർ ബാങ്ക് കേസുമായി ബന്ധമില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വർഗീസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ബാങ്കിൽ നിന്നു വൻതുക ബെനാമി വായ്പയായി അനുവദിക്കാൻ ജില്ലാ സെക്രട്ടറി ശുപാർശ ചെയ്തെന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വർഗീസിനെ ചോദ്യം ചെയ്യാൻ വിളിച്ചത്. മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയും പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ സാക്ഷികളും ചില പ്രതികളും പരാമർശിച്ച ‘ജില്ലാ സെക്രട്ടറി’ മൊയ്തീനാണോ വർഗീസാണോയെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ആദ്യഘട്ടത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ചില സാക്ഷികൾ എം.എം.വർഗീസിന്റെ പേരുപറഞ്ഞതോടെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.