വായ്പത്തട്ടിപ്പ്: മുണ്ടൂർ റൂറൽ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് റിമാൻഡിൽ
Mail This Article
മുണ്ടൂർ (പാലക്കാട്) ∙ മുണ്ടൂർ സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രസിഡന്റ് വി.ശശിയെ അറസ്റ്റ് ചെയ്തു. 22 വ്യക്തികളുടെ പേരിൽ അവർ അറിയാതെ വായ്പയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണു ശശി. കോടതി റിമാൻഡ് ചെയ്തു.
വായ്പയും പലിശയും തിരിച്ചടയ്ക്കാൻ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിൽനിന്നു നോട്ടിസ് അയച്ചതോടെയാണു തട്ടിപ്പു പുറത്തറിഞ്ഞത്. നോട്ടിസ് കിട്ടിയവർ ബാങ്കിലെത്തിയെങ്കിലും പരിഹാരം ലഭിക്കാത്തതിനാൽ പൊലീസിനെ സമീപിച്ചു. സൊസൈറ്റിയിൽ പോയിട്ടില്ലാത്തവരുടെ പേരിൽ പോലും വായ്പ എടുത്തതായി പരാതിക്കാർ പറയുന്നു.
കള്ളഒപ്പിട്ടും വ്യാജരേഖ ചമച്ചും 50,000 മുതൽ രണ്ടു ലക്ഷം രൂപ വരെ വായ്പയെടുത്തിട്ടുണ്ട്. വഞ്ചനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണു ശശിയുടെ പേരിൽ കേസെടുത്തത്. സൊസൈറ്റി 2013ലാണു തുടങ്ങിയത്. 2016 മുതൽ വ്യാജഇടപാട് നടന്നതായി പറയുന്നു. അടുത്തകാലംവരെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന, ഇപ്പോൾ വിദേശത്തുള്ള വനിത, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവരുടെ പങ്കും അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.