തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ച; 148 കടകളിലെ ഷവർമ വിൽപന നിരോധിച്ചു
Mail This Article
തിരുവനന്തപുരം∙ ഷവർമ തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഗുരുതരമായ വീഴ്ചകൾ വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവർമ വിൽപന നിരോധിച്ചു. വീഴ്ചകൾ കണ്ടെത്തിയ 308 സ്ഥാപനങ്ങളിൽ നിന്നു പിഴയീടാക്കും. ചെറിയ വീഴ്ചകൾക്ക് 178 സ്ഥാപനങ്ങളോടു നിയമപ്രകാരമുള്ള മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നലെ 1287 സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഈ നടപടികൾ. 10 ലക്ഷം രൂപവരെ പിഴ ചുമത്താമെന്നാണു നിയമം.
നിർമാതാക്കളും ഉപഭോക്താക്കളും പാലിക്കേണ്ട കാര്യങ്ങൾ
∙ കാറ്റും പൊടിയും കയറുന്ന രീതിയിൽ തുറന്ന സ്ഥലങ്ങളിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല.
∙ ഷവർമയ്ക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറുകൾ 18 ഡിഗ്രി സെൽഷ്യസിലും ചില്ലറുകൾ 4 ഡിഗ്രി സെൽഷ്യസിലുമായിരിക്കണം. താപനില നിരീക്ഷണ സംവിധാനം ഉണ്ടായിരിക്കണം.
∙ ഷവർമയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബൂസ് എന്നിവ മാനദണ്ഡപ്രകാരം നിർമിച്ചവയാകണം.
∙ കോണിൽ നിന്ന് അരിഞ്ഞെടുക്കുന്ന മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിങ് അല്ലെങ്കിൽ ബേക്കിങ് ചെയ്യണം.
∙ പാസ്ചറൈസ് ചെയ്ത മുട്ടകളോ പാസ്ചറൈസ് ചെയ്ത മയോണൈസോ മാത്രം ഉപയോഗിക്കുക. മയോണൈസ് 2 മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ വയ്ക്കരുത്. പാസ്ചറൈസ് ചെയ്ത മയോണൈസാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരിക്കൽ കവർ തുറന്ന് ഉപയോഗിച്ചതിനു ശേഷം ബാക്കിയുള്ളതു 4 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. ഇതു രണ്ടു ദിവസങ്ങളിൽ കൂടുതൽ ഉപയോഗിക്കരുത്.
∙ പാക്ക് ചെയ്ത് നൽകുന്ന ഷവർമയുടെ ലേബലിൽ, പാകം ചെയ്തതു മുതൽ ഒരു മണിക്കൂർ വരെ മാത്രം ഉപയോഗിക്കാം എന്നു രേഖപ്പെടുത്തണം.