പീഡനക്കേസ്: ഗവ. പ്ലീഡർ രാജിവച്ചു
Mail This Article
ചോറ്റാനിക്കര ∙ നിയമോപദേശം തേടാനെത്തിയ കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി.മനുവിനെതിരെ ചോറ്റാനിക്കര പൊലീസ് പീഡനക്കുറ്റത്തിനു കേസ് റജിസ്റ്റർ ചെയ്തു. റൂറൽ എസ്പിക്കു ലഭിച്ച പരാതിയിലാണു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ച ശേഷം കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു പി.ജി.മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചു. അഡ്വക്കറ്റ് ജനറൽ (എജി) ആവശ്യപ്പെട്ടതിനെ തുടർന്നാണു രാജിയെന്നാണു വിവരം. ഇ മെയിൽ വഴി കഴിഞ്ഞ ദിവസം രാത്രിയാണു രാജിക്കത്തു നൽകിയത്.
2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്.