ADVERTISEMENT

ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതു റദ്ദാക്കിയ സുപ്രീംകോടതി വിധി ചാൻസലറായ ഗവർണർക്കു മാത്രമേറ്റ തിരിച്ചടിയെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ചാൻസലർക്കെതിരെയാണ് വിധിയിൽ പ്രതികൂല പരാമർശങ്ങൾ ഉള്ളതെന്നും സ്വയം തീരുമാനമെടുക്കാനുള്ള ചാൻസലറുടെ അവകാശത്തെ ഹനിക്കുന്ന ഒരു പ്രവർത്തനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്നാണു വിധിയിൽനിന്നു വ്യക്തമാകുന്നത്.

വിധിയിൽ പറയുന്നത്

∙ 84–ാം ഖണ്ഡിക: വിസിയുടെ പുനർനിയമനത്തിനുള്ള വിജ്ഞാപനം ചാൻസലറാണ് ഇറക്കിയതെങ്കിലും ബാഹ്യപരിഗണനകളുടെ സ്വാധീനം, മറ്റൊരു തരത്തിൽ പറഞ്ഞാൽ, സർക്കാരിന്റെ അനാവശ്യ ഇടപെടൽ തീരുമാനത്തെ ദുഷിപ്പിച്ചുകളഞ്ഞു.

∙ 85–ാം ഖണ്ഡിക: 1996 ലെ നിയമപ്രകാരം, വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ അർഹത ചാൻസലർക്കാണ്. പ്രോ ചാൻസലർ (ഉന്നതവിദ്യാഭ്യാസ മന്ത്രി) ഉൾപ്പെടെ ആർക്കും നിയമനാധികാരിയുടെ പ്രവർത്തനത്തിൽ ഇടപെടാൻ പറ്റില്ല. നിയമപരമായി ഒരു പങ്കും വഹിക്കാനില്ലാത്ത വ്യക്തിയുടെ ആജ്ഞയോ നിർദേശമോ അനുസരിച്ച് നിയമനാധികാരി തീരുമാനമെടുത്താൽ അതു തികച്ചും നിയമവിരുദ്ധമാകും.

∙ 86–ാം ഖണ്ഡിക: അതിനാൽ, തീരുമാനപ്രക്രിയയാണ് വിസിയുടെ പുനർനിയമനത്തെ ദുഷിപ്പിച്ചത്. ഇതു വെറും ക്രമക്കേടിന്റെ പ്രശ്നമല്ല.

മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധം

പുനർനിയമനം സംബന്ധിച്ചു 3 നിയമപ്രശ്നങ്ങളാണ് കോടതി പരിഗണിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം ഭാഗികമായി ശരിയാണ്. പുനർനിയമനം സാധ്യമാണോ, പ്രായപരിധി ബാധകമാണോ, പുനർനിയമനത്തിന് ആദ്യനിയമനം പോലെയുള്ള നടപടികൾ വേണോ – ഇവയാണ് ആ ചോദ്യങ്ങൾ.

പുനർനിയമനം സാധ്യമാണെന്നും പ്രായപരിധി ബാധകമല്ലെന്നും പുനർനിയമനത്തിന് ആദ്യത്തെ നടപടിക്രമം വേണ്ടെന്നുമാണു കോടതിയുടെ മറുപടി. എന്നാൽ, നാലാമതായി കോടതി സ്വയം മറ്റൊരു ചോദ്യം ഉന്നയിച്ചിട്ടുണ്ട്: ‘വിസി നിയമനത്തിൽ ചാൻസലർ തന്റെ അധികാരം വച്ചൊഴിയുകയോ അടിയറവയ്ക്കുകയോ ചെയ്തോ?’ സ്വതന്ത്രമായ തീർപ്പിന്റെ അടിസ്ഥാനത്തിലാണോ പുനർനിയമനം എന്നതിനെപ്പറ്റി ചാൻസലറുടെ എതിർസത്യവാങ്മൂലത്തിൽ ഒന്നും പറയാത്തതു കൊണ്ടാണ് ഈ ചോദ്യമെന്നു കോടതി വിശദീകരിക്കുന്നു.

വിസിയുടെ പുനർനിയമനം നിയമപ്രകാരവും ചട്ടപ്രകാരവും പൂർണമായും ശരിയാണെന്നു തെളിയിക്കുന്നതാണു വിധിയെന്നു മുഖ്യമന്ത്രി പറയുന്നു. എങ്കിൽപിന്നെ എന്തിനാണു നിയമനം റദ്ദാക്കിയത് എന്നതാണു ചോദ്യം. തീരുമാനപ്രക്രിയയെ ദുഷിപ്പിക്കുന്ന തരത്തിൽ സർക്കാർ ഇടപെട്ടെന്നാണു കോടതിയുടെ കണ്ടെത്തൽ.

ഒരേ നിയമത്തിന്റെ കീഴിൽവരുന്ന 2 അധികാരികൾ (ചാൻസലറും പ്രോ ചാൻസലറും) തമ്മിൽ നടത്തുന്ന കത്തിടപാടുകൾ എങ്ങനെ ബാഹ്യസമ്മർദമാകുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. 2 അധികാരികൾ തമ്മിലുള്ള വെറും കത്തിടപാടുകളല്ല, തീരുമാനത്തിൽ നിയമപരമായി ഇടപെടാൻ അധികാരമില്ലാത്ത പ്രോ ചാൻസലർ ഇടപെട്ടുവെന്നും അതു നിയമവിരുദ്ധമാണ് എന്നുമാണു വിധിയിൽ വ്യക്തമാക്കുന്നത്.

ഗോപിനാഥ് രവീന്ദ്രൻ ജാമിയ മിലിയയിൽ

ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നു പുറത്താക്കപ്പെട്ട ഡോ. ഗോപിനാഥ് രവീന്ദ്രൻ ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയയിലെ ചരിത്രവിഭാഗത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അവധിയെടുത്ത അദ്ദേഹം നാളെ കണ്ണൂരിലേക്കു പോകും. 12ന് മടങ്ങിയെത്തും. കണ്ണൂർ സർവകലാശാല വിസിയായിരുന്ന ആദ്യ ടേമിൽ ഡപ്യൂട്ടേഷനിലാണു പദവി ഏറ്റെടുത്തത്. എന്നാൽ രണ്ടാം ടേമിൽ ശമ്പളമില്ലാത്ത അവധിയിലായിരുന്നു. 

English Summary:

'Cancellation of appointment of Kannur VC: verdict clear; Chief Minister Pinarayi Vijayan arguments wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com