കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; 3200 മൊബൈൽ ഫോണുകളും ടാബുകളും നിർജീവമാക്കി
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ നാലു മാസത്തിനിടെ കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ 3200 മൊബൈൽ ഫോണുകളും ടാബുകളും നിർജീവമാക്കി. ഇൗ ഫോണുകളുടെ ഐഎംഇഐ നമ്പരുകൾ ഉൾപ്പെടുത്തി കേരള പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) നടപടിയെടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു സൈബർ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ് ഫോണുകൾ.
ഇൗ മൊബൈലുകളിൽ ഉപയോഗിച്ച 1800 സിം കാർഡുകളും ബ്ലോക്കു ചെയ്തു. ഇതിൽ ആയിരത്തോളം ഫോണുകൾ ലോൺ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണ്. കേരളത്തിൽ ലോൺ ആപ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും. കേരളത്തിൽ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കി. 173 ലോൺ ആപ്പുകളും നിരോധിച്ചു.
∙ 15 കോടി തിരികെ കിട്ടും
കേരളത്തിൽ പലരിൽ നിന്ന് 2022 മുതൽ ഓൺലൈൻ വഴി തട്ടിയെടുക്കാൻ ശ്രമിക്കുകയും പൊലീസ് ഇടപെട്ട് ബാങ്കുകളിൽ തടഞ്ഞുവയ്ക്കുകയും ചെയ്ത 15 കോടി രൂപ നഷ്ടപ്പെട്ടവർക്ക് ഡിസംബർ 31ന് മുൻപ് തിരിച്ചുകിട്ടാൻ നടപടിയായി. ഇതുസംബന്ധിച്ച നടപടിക്രമങ്ങളിൽ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് സർക്കുലർ ഇറക്കി.