മുട്ടിൽ മരംമുറി: ആദ്യ കുറ്റപത്രം സമർപ്പിച്ചു; എട്ട് പ്രതികൾ
Mail This Article
ബത്തേരി∙ രണ്ടര വർഷത്തെ അന്വേഷണങ്ങൾക്കും, മരങ്ങളുടെ ഡിഎൻഎ അടക്കമുള്ള പരിശോധനകൾക്കും ശേഷം മുട്ടിൽ മരംമുറിക്കേസിലെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്ത 5 കേസുകളിൽ ഒന്നിലുള്ള 43 ഉപവിഭാഗങ്ങളിൽ ഒന്നിലെ മാത്രം കുറ്റപത്രമാണ് സമർപ്പിച്ചത്. സഹോദരങ്ങളായ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് കുറ്റപത്രത്തിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ. വിനീഷ്, ചാക്കോ, സുരേഷ്, വില്ലേജ് ഓഫിസർ കെ.കെ. അജി, സ്പെഷൽ വില്ലേജ് ഓഫിസർ സിന്ധു എന്നിവരും പ്രതികളാണ്.
മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയവയാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. കുറ്റപത്രത്തിൽ ഒൻപതിനായിരത്തോളം പേജുകളുണ്ട്. ആഴ്ചകൾക്കു മുൻപ് തയാറായ കുറ്റപത്രം ഉത്തരമേഖല എഡിജിപി, ജില്ലാ പൊലീസ് മേധാവി, നിയമവിദഗ്ധർ എന്നിവരുടെ പരിശോധനകൾക്കു ശേഷമാണു കോടതിയിൽ സമർപ്പിക്കപ്പെട്ടത്. കുറ്റപത്രം തയാറാക്കുന്നതിനായി 420 സാക്ഷികളുടെ മൊഴിയെടുത്തു.
മുട്ടിൽ മരംമുറിയിൽ മീനങ്ങാടി പൊലീസ് 5 കേസുകളാണു റജിസ്റ്റർ ചെയ്തത്. അതിൽ 112 മരങ്ങൾ ഉൾപ്പെട്ട കേസാണു പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അതിൽ 43 ഭൂവുടമകളുടെ സ്ഥലത്തു നിന്നു മരം മുറിച്ചതായി കണ്ടെത്തുകയും കേസ് 43 വിഭാഗങ്ങളാക്കുകയും ചെയ്തു. അതിൽ ഒന്നിൽപെട്ട 5 മരങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. ബാക്കിയുള്ളവയുടെ കുറ്റപത്രം സമർപ്പിക്കാൻ ഇനിയും സമയമെടുക്കും. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കുറ്റപത്രം തയാറാക്കിയത്.
മരങ്ങളുടെ ഡിഎൻഎ റിപ്പോർട്ടും
2020 ഒക്ടോബർ 24 ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മരംമുറി. 1964 മുതൽ പട്ടയം നൽകിയ റവന്യു പട്ടയഭൂമികളിൽ സ്വയം കിളിർത്തതും നട്ടുവളർത്തിയതുമായ മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു ഉത്തരവ്. 3 മാസം കഴിയുമ്പോഴേക്കും ഉത്തരവു മാറിയെങ്കിലും അതിനകം കോടിക്കണക്കിനു രൂപയുടെ വൻമരങ്ങൾ മുറിക്കപ്പെട്ടിരുന്നു.
പരമാവധി 56 വർഷം വരെ പ്രായമുള്ള മരങ്ങളെയാണ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുറിക്കാൻ കഴിയുക. അതിനു മുകളിൽ പ്രായമുള്ള മരങ്ങളുടെ കാര്യത്തിലാണു കേസ് ചാർജ് ചെയ്തത്. ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 5 മരങ്ങൾക്ക് 275 വർഷം മുതൽ 455 വർഷം വരെ പ്രായമുണ്ട്. പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ലാബിൽ മരങ്ങളുടെ ഡിഎൻഎ പരിശോധിച്ചാണു പ്രായം കണക്കാക്കിയത്. ഇനി കുറ്റപത്രം തയാറാക്കാനുള്ള 42 ഉപവിഭാഗങ്ങളിലെ 107 മരങ്ങൾക്ക് 85 വർഷം മുതൽ 574 വർഷം വരെ പ്രായമുണ്ട്.