ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്: പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
Mail This Article
കൊട്ടാരക്കര ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവരെ 7 ദിവസത്തേക്കു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമുണ്ടെന്ന അപേക്ഷ പരിഗണിച്ചാണു കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എസ്.സുരാജിന്റെ ഉത്തരവ്. പ്രതികളെ 14ന് 11 മണിക്ക് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
കസ്റ്റഡി അപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നു കണ്ടെത്തണമെന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളുമായി പ്രതികൾക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കണമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസി.പബ്ലിക് പ്രോസിക്യൂട്ടർ ഷൈല മത്തായി വാദിച്ചു. പ്രതികളിൽ നിന്നു ഡയറികളും ബുക്കുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പല കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
കുട്ടികൾ എവിടെയൊക്കെ താമസിക്കുന്നു എന്നതിന്റെ വിവരങ്ങളും രേഖകളിലുണ്ട്. കൂടാതെ ലാപ്ടോപ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ നിർണായകമാണെന്നും 7 ദിവസത്തെ കസ്റ്റഡി വേണമെന്നും അഭിഭാഷക വാദിച്ചു. പൊലീസ് പരമാവധി തെളിവുകൾ ശേഖരിച്ചുവെന്നും 3 ദിവസത്തിൽ കൂടുതൽ കസ്റ്റഡിയിൽ വിടരുതെന്നും പത്മകുമാറിനു വേണ്ടി ഹാജരായ അഡ്വ. കെ.സുഗുണനും അനിതകുമാരിക്കും അനുപമയ്ക്കും വേണ്ടി ഹാജരായ അഡ്വ.അജി മാത്യുവും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസും കോടതിയിലെത്തിയിരുന്നു.
കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ച കാരണങ്ങൾ
∙ കുട്ടിയെ പാർപ്പിച്ച സ്ഥലം കണ്ടെത്തി അവിടെ നിന്നു തെളിവുകൾ ശേഖരിക്കണം∙ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തണം ∙ കാറിൽ നിന്നു കണ്ടെത്തിയ തെളിവുകളുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണം ∙ പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും ഗൂഢാലോചനയിൽ പങ്കാളികളുണ്ടോയെന്നും കണ്ടെത്തണം ∙ തട്ടിക്കൊണ്ടുപോകുമ്പോൾ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പ്രതികൾ എന്തു ചെയ്തു ∙ തട്ടിക്കൊണ്ടുപോകലിനു പ്രേരിപ്പിച്ച സാഹചര്യങ്ങൾ കണ്ടെത്തണം ∙ കുട്ടിയെ ഉപേക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തണം.