വേദിയൊഴിഞ്ഞ് നായകൻ; അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് വൻ ജനാവലി
Mail This Article
തിരുവനന്തപുരം ∙ പാർട്ടി സെക്രട്ടറിയുടെ കാർക്കശ്യത്തിന്റെ കനമേതുമില്ലായിരുന്നു ഇന്നലെ കാനത്തിന്റെ മുഖത്ത്. ഒരുവട്ടം പോലും മന്ത്രിയാകാത്ത കാനം, പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും താക്കോൽ സ്ഥാനത്തു മാത്രമേ ഇരുന്നിട്ടുള്ളൂ. ജനഹൃദയങ്ങളിൽ ചേക്കേറാൻ അധികാരസ്ഥാനം ആവശ്യമില്ലെന്നു തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയവരുടെ വൈവിധ്യം.
തിരുവനന്തപുരത്തു മകൻ സന്ദീപ് ഈയിടെ പണികഴിപ്പിച്ച വീടുണ്ടെങ്കിലും പൊതുദർശനം ഒരുക്കിയതു പാർട്ടി ഓഫിസ് പ്രവർത്തിക്കുന്ന എഐടിയുസി ആസ്ഥാന ഓഫിസായ പിഎസ് സ്മാരകത്തിലാണ്. എഐടിയുസി ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവിയിലിരിക്കെ കാനത്തിന്റെ നേതൃത്വത്തിലാണ് ഈ ഓഫിസ് പണിതത്.
എടുത്താൽ പൊങ്ങാത്ത സൗഹൃദങ്ങളുടെ കനമുണ്ടായിരുന്നു കാനത്തിന്. അവരെല്ലാം പിഎസ് സ്മാരകത്തിൽ തിങ്ങിനിറഞ്ഞു. എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും വി.എം.സുധീരനും കെ.കെ.ശൈലജയും ഒ.രാജഗോപാലും ഉൾപ്പെടെ ഏതാണ്ടെല്ലാവരും തന്നെ പിഎസ് സ്മാരകത്തിന്റെ നട കയറുന്നത് ആദ്യമായിരുന്നു. കാനത്തിന്റെ രാഷ്ട്രീയ വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടെത്തി റീത്ത് സമർപ്പിച്ചു. പാർട്ടി സമവാക്യത്തിൽ 8 വർഷം കാനത്തിന്റെ എതിർപക്ഷത്തു നിൽക്കേണ്ടിവന്ന കെ.ഇ.ഇസ്മായിൽ കാരണവർ സ്ഥാനത്തിരുന്നു.
ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, നിർവാഹക സമിതിയംഗങ്ങളായ കെ.പ്രകാശ് ബാബു, പി.സന്തോഷ്കുമാർ എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, എഐടിയുസി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്മായിൽ, സി.ദിവാകരൻ, സത്യൻ മൊകേരി, മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ജെ.ചിഞ്ചുറാണി, പി.പ്രസാദ് എന്നിവർ ചേർന്നാണു പാർട്ടി പതാക പുതപ്പിച്ചത്.