തട്ടിക്കൊണ്ടു പോകൽ കേസ്: ഫാം ഹൗസിൽനിന്ന് കത്തിയ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി
Mail This Article
ചാത്തന്നൂർ (കൊല്ലം) ∙ ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളുടെ ഫാം ഹൗസിൽ നടത്തിയ തെളിവെടുപ്പിൽ പകുതിയിലേറെ കത്തിക്കരിഞ്ഞ നോട്ടുബുക്കും ഇൻസ്ട്രുമെന്റ് ബോക്സും കണ്ടെത്തി. ആറുവയസ്സുകാരിയുടെ ബുക്ക് ആണോയെന്ന് സംശയം ഉണ്ട്.
മുതിർന്ന കുട്ടികൾക്കു സമാനമായ കയ്യക്ഷരമാണ് ബുക്കിലുള്ളത്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിത കുമാരി (39), മകൾ പി.അനുപമ (21) എന്നിവരുമായി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെയാണു ചിറക്കര പഞ്ചായത്തിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിൽ തെളിവെടുപ്പിന് എത്തിയത്.ഫാം ഹൗസിൽ പട്ടിക്കൂടിനു മുന്നിൽ ചപ്പുചവറുകൾ സ്ഥിരമായി കത്തിക്കുന്ന ഭാഗത്താണ് കത്തിയ ബുക്ക് കണ്ടെത്തിയത്. തീ കത്തിക്കുന്ന ഭാഗത്ത് നിന്നുള്ള തെളിവുകൾ ഫൊറൻസിക് അധികൃതർ ശേഖരിച്ചു. ഫാം ഹൗസിന്റെ ചുറ്റുമതിലിനു പുറത്തു പട്ടിക്കൂടിനു പിന്നിൽ നിന്നാണ് ഒഴിഞ്ഞ ഇൻസ്ട്രുമെന്റ് ബോക്സ് കണ്ടെടുത്തത്.
തെളിവെടുപ്പിന് അനിതകുമാരിയെ മാത്രമാണ് വാനിൽ നിന്നു പുറത്തിറക്കിയത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഫാം ഹൗസിലെ തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടു. ഫാം ഹൗസിലെ ജീവനക്കാരി കന്നുകാലിക്കുള്ള തീറ്റവാങ്ങുന്നത് സംബന്ധിച്ചു അനിതകുമാരിയോടു വിവരം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി അവർ നൽകിയില്ല.
കാറിന്റെ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തി
കൊട്ടാരക്കര∙ കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിൽ ഘടിപ്പിച്ചിരുന്ന 2 വ്യാജ നമ്പർ പ്ലേറ്റുകൾ കഷണങ്ങളാക്കിയ നിലയിൽ ആര്യങ്കാവ്- കുളത്തൂപ്പുഴ റോഡരികിൽ കണ്ടെത്തി. പ്രതികൾ നൽകിയ സൂചന അനുസരിച്ചു നടത്തിയ പരിശോധനയിലാണ് കാടു പിടിച്ചു കിടന്ന സ്ഥലത്ത് നിന്ന് ഇവ കണ്ടെത്തിയത്. രക്ഷപ്പെടാനുള്ള തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവ ഉപേക്ഷിച്ചത്. വീട്ടിലെ കട്ടർ ഉപയോഗിച്ചാണ് ഇവ കഷണങ്ങളാക്കിയതെന്നാണു മൊഴി.
കെഎൽ 04 എഫ് 3239, കെഎൽ 29 ഇ 6628 വ്യാജ നമ്പർ പ്ലേറ്റുകളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്നാണു വിവരം. ഇന്നലെ തെങ്കാശിയിൽ ഇവർ തങ്ങിയ ലോഡ്ജിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് ഇന്നലെ രാത്രിയിലും തുടർന്നു.