ADVERTISEMENT

തൃശൂർ ∙ രാജ്യത്ത് കോൺഗ്രസിനു നല്ല തിരിച്ചുവരവുണ്ടാകുമെന്നും എക്കാലത്തും എന്ന പോലെ ഈ മത‌നിരപേക്ഷ ശ്രേണിയിൽ മുസ്‌ലിം ലീഗ് ഉറച്ചുനിൽക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഡിസിസിയിൽ നടന്ന സി.എൻ.ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദവും രാജ്യത്തിന്റെ ഭദ്രതയും കാംക്ഷിച്ചാണ് ഇത്രയും പതിറ്റാണ്ടുകൾ ഈ ശ്രേണിയിൽ ഉറച്ചുനിന്നത്. ഇവ നിലനിന്നെങ്കിൽ മാത്രമേ നാടിനു രക്ഷയുള്ളൂ എന്ന കാഴ്ചപ്പാടോടെ അതു തുടരും. ലീഗ് പാരമ്പര്യം അതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ജനങ്ങളുടെ ദുരിതം മാറ്റിയെടുക്കാൻ പണം കണ്ടെത്തേണ്ട സർക്കാർ അതിലൊന്നും ശ്രദ്ധിക്കാതെ സദസ്സും കൊണ്ടുനടന്നിട്ട് എന്താണു കാര്യം? ഭരണപരാജയമാണ് ഇവർ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ല’

സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉപദേശ പ്രകാരം പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ എന്നും കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കു ശുപാർശ ചെയ്യാനുള്ള ഗവർണറുടെ നീക്കം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്. കേന്ദ്ര സർക്കാർ ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ വകവച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് നേതൃയോഗം ഇന്ന്

മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുൾപ്പെടെ ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം ഇന്നു കോഴിക്കോട് ചേരും. പാർട്ടിയുടെ 2 സിറ്റിങ് സീറ്റുകളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ച ഇന്നത്തെ യോഗത്തിലുണ്ടായേക്കും. കൂടുതലായി ഒരു സീറ്റ് കൂടി വേണമെന്ന അഭിപ്രായം മുസ്‌ലിം ലീഗിലുണ്ടെങ്കിലും പാർട്ടി ഔദ്യോഗികമായി ഇതുവരെ ആവശ്യം ഉന്നയിച്ചിട്ടില്ല. കൂടുതൽ സീറ്റുകൾ വിട്ടുനൽകാനുള്ള പ്രയാസം കോൺഗ്രസ് അറിയിച്ചിരുന്നു. ഇതും ചർച്ചയ്ക്കു വന്നേക്കാം. 

English Summary:

Muslim League will stick to Congress secular line says PK Kunhalikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com