കൊച്ചിയിൽ ഒരാഴ്ചയായി നിർത്തിയിട്ട കാറിന് തൃശൂർ പാലിയേക്കരയിൽ ടോൾ!
Mail This Article
തൃശൂർ ∙ കൊച്ചി കടവന്ത്രയിൽ ഒരാഴ്ചയായി നിർത്തിയിട്ട കാറിന് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലൂടെ കടന്നുപോയതായി കാണിച്ച് കാറിന്റെ ഫാസ്ടാഗിൽ നിന്ന് ടോൾ പിടിച്ചു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷൻ എൻക്ലേവിൽ പ്രജീഷിന്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോയെന്നു കാണിച്ചാണ് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാഗിൽ നിന്ന് തുക പിടിച്ചത്. ഫ്ലാറ്റിനു മുൻപിൽ അഴുക്കുചാൽ നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചയായി വാഹനം പുറത്തിറക്കാൻ കഴിയാതിരിക്കുകയായിരുന്നു പ്രജീഷ്. കടവന്ത്ര പൊലീസിൽ പരാതി നൽകി. ടോൾ ബൂത്തിലെ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ലെന്നും പരാതിയിലുണ്ട്.
ടോൾ ബൂത്തുകളിൽ ചില വാഹനങ്ങളുടെ ഫാസ്ടാഗ് സാങ്കേതിക പ്രശ്‌നംമൂലം ഓട്ടമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോൾ ജീവനക്കാർ നേരിട്ടു നമ്പർ ടൈപ്പ് ചെയ്യാറുണ്ട്. ഇതിൽ വരുന്ന പിഴവാണെന്നാണ് ടോൾ കമ്പനിയുടെ വിശദീകരണം. വാഹന നമ്പർ മാത്രം രേഖപ്പെടുത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോകുന്നത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ആശങ്കയുണ്ടാക്കുന്നതാണ്. നേരത്തെയും പലർക്കും ഇത്തരത്തിൽ തുക നഷ്ടമായിട്ടുണ്ട്. ടോൾപ്ലാസ ഓഫിസിൽ ബന്ധപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് അധികൃതർ പറഞ്ഞു. ഫോൺ: 7994777180.