ADVERTISEMENT

തിരുവനന്തപുരം∙ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതിനു പ്രധാന കാരണം അനധികൃത രൂപമാറ്റം (ആൾട്ടറേഷൻ) ആണെന്ന് സർക്കാർ നിയോഗിച്ച പഠന സമിതി കണ്ടെത്തി. താഴ്ന്ന വേരിയന്റ് വാഹനത്തിൽ ഉയർന്ന വേരിയന്റ് വാഹനങ്ങളുടെ ലൈറ്റും ഹോണും ക്യാമറയും സ്ഥാപിക്കും. മറ്റ് ഇലക്ട്രിക് സാമഗ്രികളിലും രൂപമാറ്റം വരുത്തും. കമ്പനി നിഷ്കർഷിച്ച ശേഷിയിൽ കൂടുതൽ വാട്സിൽ ലൈറ്റുകൾ സ്ഥാപിക്കും. നിലവാരമില്ലാത്ത വർക്‌ഷോപ്പുകളിലാണ് ഇതു പലപ്പോഴും ചെയ്യുന്നത്.

വാഹന നിർമാതാക്കൾ ഘടിപ്പിച്ച സർക്കീറ്റും കേബിളുകളും മുറിച്ച ശേഷം ഗുണനിലവാരം കുറഞ്ഞ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം രൂപമാറ്റം നടത്തുന്നത്. കൂടിയ വാട്സ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഗുണനിലവാരമില്ലാത്ത കേബിളിൽ തീപിടിക്കാം. ഇത്തരം ആൾട്ടറേഷൻ വാഹനക്കമ്പനിയുടെ അംഗീകൃത വർക്‌ഷോപ്പുകളിൽ വാഹനത്തിന്റെ ശേഷിക്കനുസരിച്ചു ചെയ്യാമെങ്കിൽ മാത്രമേ അനുമതി നൽകാവൂ എന്നും അല്ലാത്ത വർക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സമിതി നിർദേശിച്ചു.

അനധികൃത ആൾട്ടറേഷൻ നടത്തിയ വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് ലഭിക്കില്ലെന്നു ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതു പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്തിന് ഇന്നു റിപ്പോർട്ട് നൽകും. എല്ലാ വാഹനങ്ങളിലും തീയണയ്ക്കാനുള്ള ഉപകരണം നിർബന്ധമാക്കണമെന്നും അത്യാഹിതമുണ്ടായാൽ രക്ഷപ്പെടാൻ സീറ്റ് ബെൽറ്റ് കട്ടറും ഗ്ലാസ് പൊളിക്കുന്നതിന് ചുറ്റികയും ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വാഹന നിർമാതാക്കളോടു സർക്കാർ ആവശ്യപ്പെടും.

English Summary:

Unauthorized modification caused fires in vehicles:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com