ജല അതോറിറ്റിയുടെ പണം സ്വകാര്യ ബാങ്കിലേക്കു മാറ്റാൻ നീക്കം
Mail This Article
തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ പണം പൊതുമേഖലാ ബാങ്കിൽ നിന്നു സ്വകാര്യ ബാങ്കിലേക്കു മാറ്റാൻ നീക്കമെന്ന് ആരോപണം. ഇതിനകം 100 കോടിയോളം രൂപ സ്വകാര്യ ബാങ്കിലേക്കു മാറ്റിയെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. സംഘടനകളുമായി ചർച്ച നടത്താൻ പോലും തയാറാകാതെ തിടുക്കത്തിലും രഹസ്യമായും തുക മാറ്റിയതു ദുരൂഹമാണെന്നും നേതാക്കൾ പറഞ്ഞു.
നിലവിൽ എസ്ബിഐ അക്കൗണ്ടിലാണ് ജല അതോറിറ്റിയുടെ 300 കോടിയോളം രൂപ സൂക്ഷിക്കുന്നത്. ഈ തുക സ്വകാര്യ ബാങ്കിലേക്കു മാറ്റാൻ മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തെന്നാണ് ആരോപണം. സ്വകാര്യ ബാങ്കുകൾ കൂടുതൽ പലിശ ലഭ്യമാക്കുമെന്നും കൂടുതൽ സേവനങ്ങൾ നൽകുമെന്നും ന്യായം പറഞ്ഞാണു പണം മാറ്റുന്നതെന്നും ഇതിൽ അസ്വാഭാവികമായ ഇടപെടൽ ഉണ്ടോ എന്നു സംശയമുണ്ടെന്നും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി പി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ജീവനക്കാർക്ക് ആശങ്കയുണ്ടെന്നും അംഗീകൃത സംഘടനകളുടെ അടിയന്തര യോഗം വിളിക്കണമെന്നും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി പി.ബിജു പറഞ്ഞു. അക്കൗണ്ട് മാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ജല അതോറിറ്റി എംഡിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.