മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ, ഗവർണർ ഇന്നെത്തും; എസ്എഫ്ഐ പ്രതിഷേധമുണ്ടാകുമോ എന്നതിൽ ആകാംക്ഷ: കനത്ത സുരക്ഷ
Mail This Article
തിരുവനന്തപുരം ∙ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ നിന്ന് ഇന്നു വൈകിട്ട് തലസ്ഥാനത്തെത്തും. പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങിനു ശേഷം ഗവർണർ മുംബൈയ്ക്കു പോകും.
സത്യപ്രതിജ്ഞയ്ക്കായി ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന പന്തലാണ് രാജ്ഭവനിലെ പാർക്കിങ് ഏരിയയിൽ സജ്ജമാക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായി മുന്നേറുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറും ഒരിടവേളയ്ക്കു ശേഷം മുഖാമുഖം എത്തുന്നത്.
ഗവർണർ ഇന്ന് എത്തുമ്പോഴും നാളെ മടങ്ങുമ്പോഴും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം തുടരുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. പ്രതിഷേധമുണ്ടായാൽ സത്യപ്രതിജ്ഞയ്ക്കു മുൻപ് ഗവർണറെ വീണ്ടും പ്രകോപിപ്പിക്കുന്നതാകും നടപടി. ഈ സാഹചര്യത്തിൽ കരിങ്കൊടിക്കെതിരെ രാഷ്ട്രീയ ഇടപെടൽ ഉണ്ടായേക്കാം. വിമാനത്താവളത്തിൽ നിന്നു രാജ്ഭവനിലേക്കുള്ള ഗവർണറുടെ യാത്രയ്ക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
പുതിയ മന്ത്രിമാർ നാളെത്തന്നെ ചുമതലയേൽക്കുമെങ്കിലും മന്ത്രിസഭാ യോഗം ഇനി ജനുവരി മൂന്നിനേ ഉള്ളൂ. ഇന്നലെ പതിവു പ്രതിവാര മന്ത്രിസഭ യോഗം ഉണ്ടായിരുന്നില്ല. തലസ്ഥാനത്ത് പതിവുമന്ത്രിസഭാ യോഗം അവസാനമായി ചേർന്നത് നവംബറിൽ നവകേരള സദസ്സ് ആരംഭിക്കുന്നതിന് മുൻപാണ്. പിന്നീട് യാത്രയ്ക്കിടെ സ്വകാര്യ ഹോട്ടലുകളിലും വീടുകളിലുമാണ് മന്ത്രിസഭാ യോഗങ്ങൾ നടന്നിരുന്നത്. 36 ദിവസം നീണ്ട നവകേരള സദസ്സിനും ക്രിസ്മസിനും ശേഷം ഇന്നലെയാണ് ഭൂരിപക്ഷം മന്ത്രിമാരും സെക്രട്ടേറിയറ്റിലെ ഓഫിസുകളിൽ എത്തിയത്.
ഗണേഷിന് സിനിമ വേണം; വീട് വേണ്ട
ഗണേഷ് കുമാർ സിനിമ വകുപ്പ് കൂടി വേണമെന്ന താൽപര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ മന്ത്രി സജി ചെറിയാന്റെ കീഴിലാണ് സിനിമ വകുപ്പ്. ഔദ്യോഗിക വസതി വേണ്ടെന്നും വേണമെങ്കിൽ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാമെന്നും ഗണേഷ് വ്യക്തമാക്കി. എന്നാൽ ഇതു സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ അറിയിച്ചു.