ADVERTISEMENT

വർക്കല ∙ ‘ഒരു പീ‍ഡയെറുമ്പിനും വരുത്തരു’തെന്നു പറഞ്ഞ ഗുരുവിന്റെ നാട്ടിലാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തല ചെടിച്ചട്ടി കൊണ്ട് അടിച്ചു പൊട്ടിക്കുന്നതു രക്ഷാപ്രവർത്തനമായി വിശേഷിപ്പിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പലസ്തീനിൽ ഗുരുദേവ ദർശനത്തിന്റെ വെളിച്ചമെത്തിയിരുന്നെങ്കിൽ അവിടെ യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് ശനിയാഴ്ച ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ആർഎസ്എസിനെതിരെ പേരെടുത്തു പറയാതെ നടത്തിയ വിമർശനങ്ങളോടുള്ള മറുപടി അതേ വേദിയിൽ ഇന്നലെ മുരളീധരൻ നൽകി. 

നവകേരള സദസ്സിൽ മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിനെപ്പറ്റിയുള്ള മുരളീധരന്റെ വിമർശനത്തിന് അദ്ദേഹം വേദി വിട്ടതിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന്റെ മറുപടിയുമെത്തി. ‘ട്രെയിനിനു മുന്നിൽ ചാടാൻ നിൽക്കുന്നയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെങ്കിൽ കയ്യിൽ കിട്ടുന്ന കമ്പോ മറ്റോ കൊണ്ട് തല്ലി പിന്തിരിപ്പിക്കുന്നതു പോലെ വാത്സല്യത്തോടെയും ഉത്തമ ബോധ്യത്തോടെയുമാണ് (കരിങ്കൊടി കാട്ടിയവരെ) മർദിച്ചത്’– എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ ന്യായീകരണം. ഇതോടെ തീർഥാടന സമ്മേളന വേദി രാഷ്ട്രീയ വാക്‌പോരിന്റെ വേദിയായി.

∙ കേന്ദ്രമന്ത്രി വി.മുരളീധരൻ: ‘പലസ്തീനിൽ മാത്രമല്ല, കേരളത്തിലും ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമായിട്ടില്ല. സഹജീവികളോടു കരുണയും കരുതലുമുള്ളവർക്ക് അരി ചോദിക്കുന്നവരെ അധിക്ഷേപിക്കാനും നിരായുധരെ വളഞ്ഞിട്ട് തല്ലുന്നവരെ അഭിനന്ദിക്കാനുമാകില്ല. ഗുരുദേവൻ ഈശ്വരനെയോ മതത്തെയോ നിന്ദിക്കാനല്ല പഠിപ്പിച്ചത്. ഗുരുദേവൻ സിലോണിൽ പോയത് കാഷായം ധരിച്ചാണ്. കാവി വെറുക്കപ്പെടേണ്ട നിറമാണെന്ന് അദ്ദേഹം പറഞ്ഞതായി അറിവില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പിൻഗാമികൾ കാവി അണിയുന്നത്. കാവിയെക്കുറിച്ച് ശ്രീനാരായണീയരുടെ ഹൃദയത്തിൽ വികലധാരണകൾ കുത്തിവയ്ക്കാൻ ചിലർ ശ്രമിക്കുകയാണ്.

∙ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ: ‘ഹിന്ദുക്കളിൽ മഹാഭൂരിപക്ഷത്തെ മനുഷ്യരായി പോലും കാണാൻ ചാതുർവർണ്യം അനുവദിക്കാത്ത അവസ്ഥയിൽ പുഴുക്കളെപ്പോലെ ജീവിച്ച സമൂഹത്തെ മാറ്റിയെടുക്കാനുള്ള ഗുരുദേവന്റെ ശ്രമങ്ങളെ ഹിന്ദു മതത്തിന്റെയും സനാതന ധർമത്തിന്റെയും അന്തസ്സത്തയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഗുരുനിന്ദയാണ്. തീർഥാടനത്തിനു മഞ്ഞവസ്ത്രം ധരിക്കാൻ പറഞ്ഞത് കാഷായം ഒരു മതത്തെ സൂചിപ്പിക്കുന്നതിനാലാണ്. മനുഷ്യർ പട്ടിണി കിടക്കുന്ന മതനിരപേക്ഷ രാജ്യത്ത് കോടികൾ ചെലവഴിച്ച് ക്ഷേത്രം നിർമിക്കുകയും പ്രധാനമന്ത്രി തന്നെ അതിനു തറക്കല്ലിടുകയും ചെയ്യുന്നു.’ 

English Summary:

Political war of words on the stage of Sivagiri Pilgrimage Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com