പുതിയ മന്ത്രിമാരുമായി ഇന്ന് ആദ്യ മന്ത്രിസഭായോഗം;മുഖ്യമന്ത്രിയുടെ വിരുന്നും ഇന്ന്, ഗവർണർക്കു ക്ഷണമില്ല
Mail This Article
തിരുവനന്തപുരം∙ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്കുമാറും സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ഇന്നു 10നു ചേരും. നവകേരള സദസ്സിനു ശേഷം സെക്രട്ടേറിയറ്റിൽ വീണ്ടും മന്ത്രിസഭ ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിയമസഭാ സമ്മേളനം ഈ മാസം 25നു ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാനും സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കാനുമാണ് ആലോചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 9നു സഭ പിരിയാനാണ് സാധ്യത. നിയമസഭാ സമ്മേളനം 19നു നയപ്രഖ്യാപനത്തോടെ തുടങ്ങാൻ നേരത്തേ ആലോചിച്ചിരുന്നു. 19നും 25നും ഗവർണർ തിരുവനന്തപുരത്തുണ്ട്.
നിയമസഭ വിളിച്ചു ചേർക്കാൻ 15 ദിവസം മതി എന്നതിനാൽ 25നാണ് ചേരുന്നതെങ്കിൽ അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം ഇക്കാര്യം തീരുമാനിച്ചാലും മതിയാകും.
മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖർക്കായി ഒരുക്കുന്ന ക്രിസ്മസ്, പുതുവത്സര വിരുന്നും ഇന്നാണ്. ഉച്ചയ്ക്ക് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. അദ്ദേഹം തലസ്ഥാനത്തുണ്ട്.