വാഴ്സിറ്റികളുടെ സ്ഥലക്കൈമാറ്റ തർക്കം വീണ്ടും മന്ത്രിസഭയിൽ; തീരുമാനമായില്ല
Mail This Article
തിരുവനന്തപുരം∙ കാർഷിക, വെറ്ററിനറി സർവകലാശാലകൾ തമ്മിൽ സ്ഥലക്കൈമാറ്റം സംബന്ധിച്ചു നിലവിലുള്ള തർക്കം വീണ്ടും മന്ത്രിസഭയിൽ വന്നെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. മൃഗസംരക്ഷണ വകുപ്പാണ് ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് വീണ്ടും കൊണ്ടുവന്നത്.
തർക്കം നിലവിലുള്ള കാര്യം കൃഷി മന്ത്രി പി.പ്രസാദും റവന്യു മന്ത്രി കെ.രാജനും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തീരുമാനം മാറ്റണമെന്നു രാജൻ ആവശ്യപ്പെട്ടു. ഇതിനോട് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചു റാണിയും യോജിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. സാധാരണ, മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പു മന്ത്രിയും കണ്ടാണ് മന്ത്രിസഭയിൽ കുറിപ്പ് വരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ നൽകിയ കുറിപ്പ് അബദ്ധവശാൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു എന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം.
സിപിഐ മന്ത്രിമാരുടെ കീഴിലാണ് 2 സർവകലാശാലകളും. തർക്കം പരിഹരിക്കുന്നതിനു കൃഷി, മൃഗസംരക്ഷണ മന്ത്രിമാർ റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ പാർട്ടി തലത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് തീരുമാനമെടുക്കുന്നത് അനിശ്ചിതത്വത്തിലായി. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് മന്ത്രിസഭയിൽ ഇക്കാര്യം വീണ്ടും കൊണ്ടു വന്നത്. ഇനി മന്ത്രിമാർ തമ്മിൽ ധാരണയിലെത്തിയ ശേഷം തീരുമാനമെടുക്കും.