എസ്ഐ – എംഎൽഎ വാക്പോര്: എം.വിജിൻ എംഎൽഎയുടെ പരാതിയിൽ അന്വേഷണം
Mail This Article
കണ്ണൂർ∙കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധർണയ്ക്കിടെ ടൗൺ എസ്ഐ പി.പി.ഷമീൽ തന്നെ അപമാനിച്ചെന്ന എം.വിജിൻ എംഎൽഎയുടെ പരാതിയിൽ സിറ്റി എസിപി ടി.കെ.രത്നകുമാർ അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറാണ് എസിപിയെ അന്വേഷണത്തിനു നിയോഗിച്ചത്. സംഭവത്തിൽ ഡിജിപി കമ്മിഷണറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. ധർണ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ പി.പി.ഷമീലും തമ്മിൽ വാക്കേറ്റമുണ്ടായതു വിവാദമായിരുന്നു. കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന മറ്റു 100 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എംഎൽഎക്കെതിരെ കേസ് എടുത്തിട്ടില്ല.
അതേസമയം, ധർണ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘പൊലീസിനെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ പ്രവൃത്തിയാണിത്. എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തെറ്റാണ്. എസ്ഐ, എംഎൽഎയോട് അപമര്യാദയായി പെരുമാറി. സർക്കാർ പരിശോധിച്ചു നടപടിയെടുക്കും. സമാധാനപരമായി പ്രകടനം നടത്തിയ നഴ്സുമാർക്കെതിരെ കേസെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല – ജയരാജൻ പറഞ്ഞു.