രോഗത്തെ പാടിത്തോൽപ്പിച്ച സാരംഗിന് തുടർപഠനത്തിനു സഹായ വാഗ്ദാനം
Mail This Article
കൊല്ലം ∙ രോഗത്തെ പാടിത്തോൽപ്പിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സ്നേഹസമ്മാനവുമായി എക്സാംവിന്നർ സൊല്യൂഷൻസ്. പ്ലസ് ടുവരെയുള്ള പഠനച്ചെലവുകളും വഹിക്കും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ് നേടിയ സാരംഗ് രാജീവിന്റെ അതിജീവനകഥ ഇന്നലെ മലയാള മനോരമ അവതരിപ്പിച്ചിരുന്നു. ഇതുവായിച്ചാണ് എക്സാംവിന്നർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർമാരായ അലക്സ് തോമസും അലൻ തോമസും സഹായവുമായി മുന്നോട്ടുവന്നത്. കോഴിക്കോട് ചേവായൂരിൽ പ്രവർത്തിക്കുന്ന എക്സാം വിന്നർ അധികൃതർ കലോത്സവം നടക്കുന്ന കൊല്ലത്തുള്ള മനോരമ ഓഫിസുമായി ബന്ധപ്പെടുകയായിരുന്നു.
ചെറിയ പ്രായത്തിനുള്ളിൽ അഞ്ചു ശസ്ത്രക്രിയകൾ നേരിട്ട സാരംഗിന്റെ ജീവിതം കരുത്തോടെ മുന്നോട്ടുകൊണ്ടുപോവുന്നതു പാട്ടാണ്. വടകര മേമുണ്ട എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിയായ സാരംഗിന് ചികിത്സയ്ക്കായി ഇതുവരെ 50 ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. ഏഴിനു സംസ്കൃതഗാനാലാപന മത്സരത്തിൽ പങ്കെടുത്ത ശേഷം എട്ടിനാണ് സാരംഗ് തിരികെ കോഴിക്കോട്ടെത്തുക. തൊട്ടടുത്ത ദിവസം തുക കൈമാറും.