ADVERTISEMENT

കൊല്ലം ∙ കലാപരിപാടികളിലെ വിജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനങ്ങളെ ബാധിക്കരുതെന്നു മമ്മൂട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

‘ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത ഞാൻ നിങ്ങളുടെ മുന്നിൽ നിന്നു സംസാരിക്കാനുള്ള അർഹത നേടിയെങ്കിൽ കലോത്സവത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അവസരങ്ങളേറെയുണ്ട്. ഒരു വിവേചനവുമില്ലാതെയുള്ള കലകളുടെ സമ്മേളനമാണ് ഇതുപോലുള്ള യൂത്ത് ഫെസ്റ്റിവലുകൾ. 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎച്ച്എസ്എസ് ടീം.ചിത്രം:റെജു അർണോൾഡ്∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎച്ച്എസ്എസ് ടീം.ചിത്രം:റെജു അർണോൾഡ്∙മനോരമ

സംസ്ഥാന സ്കൂൾ യുവജനോത്സവ സമാപന സമ്മേളനത്തിലേക്കു മന്ത്രി ക്ഷണിച്ചപ്പോൾ എന്നെപ്പോലെ ഒരാൾക്ക് യുവജനങ്ങൾക്കിടയിൽ എന്തു കാര്യമെന്നായിരുന്നു ആലോചന. മന്ത്രി കണ്ടുപിടിച്ചതു ഞാനിപ്പോഴും യുവാവാണെന്നാണ്. പക്ഷേ, അതു കാഴ്ചയിലേ ഉള്ളൂ. ഞാൻ ഇവിടേക്കു വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വിഡിയോ കണ്ടത്. മമ്മൂട്ടി ഏത് ഉടുപ്പിട്ടാകും ഈ പരിപാടിക്കു വരുന്നത് എന്നതായിരുന്നു അത്. യുവാവാകാൻ വേണ്ടി ഞാൻ പുതിയൊരു പാന്റ്സും ഷർട്ടും തയ്പിച്ചിരുന്നു. ഒരു കൂളിങ് ഗ്ലാസും വയ്ക്കാം എന്ന ധാരണയിൽ എല്ലാം ഒരുക്കിവച്ചപ്പോഴാണു വിഡിയോ കണ്ടത്. മുണ്ടും വെള്ള ഷർട്ടും ഇട്ടാണ് എന്നെ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നാണു പലരും പറഞ്ഞത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് അണിഞ്ഞൊരുങ്ങാനേ സാധിച്ചിട്ടുള്ളൂ. 

കൊല്ലത്ത് ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചതിൽ സംഘാടകരോടു നന്ദിയുണ്ട്. ഈ ഉത്സവം കാണാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവസരമൊരുക്കിയ ജനങ്ങളോടും നന്ദിയുണ്ട്. കൊല്ലത്തുകാർക്കല്ല സമ്മാനം കിട്ടിയത്; കണ്ണൂർ സ്ക്വാഡിനാണ്. വേണമെങ്കിൽ കൊല്ലത്തുകാരെ പ്രോത്സാഹിപ്പിച്ച് ഒന്നാമതാക്കാം എന്നതല്ല ചെയ്തത്; അതു കൊല്ലത്തുകാരുടെ മഹത്വമാണ്. ഈ മനസ്സാണു നമ്മുടെ കേരളം. 

കടലിളകും പോലെ ജനക്കൂട്ടം; ആർത്തുവിളിച്ചു ‘മമ്മൂക്കാ...’


കൊല്ലം ∙ കലോത്സവത്തിലെ മുഖ്യാതിഥിയായി എത്തി, കൊല്ലത്തിന്റെ മനസ്സും കൊണ്ടാണു മലയാളത്തിന്റെ മഹാനടൻ കൊല്ലം ആശ്രാമം മൈതാനം വിട്ടത്.  കൊല്ലത്തോട് അദ്ദേഹം പറയാതെ പറഞ്ഞു– ‘കൊല്ലം ഞാനിങ്ങെടുക്കുവാ’. മമ്മൂട്ടിയേയും കലോത്സവ സമാപനച്ചടങ്ങുകളും കാണാൻ ഇന്നലെ ഉച്ചമുതൽ വിവിധ ദിക്കുകളിൽ നിന്നു ജനം ആശ്രാമം മൈതാനത്തേക്ക് ഒഴുകി. 

വൈകിട്ടോടെ മൈതാനത്തിന്റെ ഒരു ഭാഗം ജനസമുദ്രമായി. വിശിഷ്ടാതിഥികളെ വേദിയിലേക്കു കടത്തിവിടാൻ ഒരുക്കിയ വഴിയുടെ ഇരുവശത്തും ആൾക്കൂട്ടം ആവേശത്തോടെ ആരവം മുഴക്കി.  വൈകിട്ട് കൃത്യം 5ന് ആ വഴിയിലൂടെ വെള്ള ആഡംബരക്കാറിൽ മമ്മൂട്ടി വേദിക്കു സമീപം വന്നിറങ്ങിയപ്പോൾ കടലിളകും പോലെ ജനക്കൂട്ടം ആർത്തുവിളിച്ചു– ‘മമ്മൂക്കാ...’

വേദിയിൽ അതിഥികളും ആതിഥേയരും പ്രസംഗം തുടങ്ങിയപ്പോൾ കയ്യടിക്കായി രണ്ടു വാക്കുകളാണു പരസ്പരം മത്സരിച്ചത്– ‘മമ്മൂട്ടി, കൊല്ലം’ എന്നിവ. പ്രസംഗം തുടങ്ങാനെത്തിയ മമ്മൂട്ടിയെ ഹർഷാരവത്തോടെയാണു സദസ്സ് എതിരേറ്റത്. പ്രസംഗം തുടങ്ങിയപ്പോൾ വാക്കുകൾകൊണ്ട് കൊല്ലത്തെ അദ്ദേഹം ‘പോക്കറ്റി’ലാക്കി. കൊല്ലത്തെയും കൊല്ലത്തെ ജനതയെയും കലോത്സവ സംഘാടനത്തെയും നല്ല വാക്കുകളിൽ പൊതിഞ്ഞു.

‘കൊല്ലത്ത് ഇത്രയും വലിയ പരിപാടി സംഘടിപ്പിച്ചതിൽ സംഘാടകരോടു നന്ദിയുണ്ട്. വലിയ സഹകരണത്തോടെയും ആവേശത്തോടെയും ഈ ഉത്സവവും മത്സരങ്ങളും കാണാനും പരിമിതികളൊന്നുമില്ലാതെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അവർക്കു വിജയകിരീടം ചാർത്താൻ അവസരമൊരുക്കിയ ജനങ്ങളോടും നന്ദിയുണ്ട്.

കൊല്ലംകാരെ എല്ലാവരെയും പ്രോത്സാഹിപ്പിച്ച് ഒന്നാമതാക്കാം എന്നതല്ല ജനം ചെയ്തത്. അതെന്റെ കൊല്ലംകാരുടെ മഹത്വമാണ്. ഈ മനസ്സാണു നമ്മുടെ കേരളം. അതാണു നമ്മൾ. അതാണു കേരളീയർ. ഇതുതന്നെ നമ്മൾ അങ്ങോളം പുലർത്തുമെന്നത് എനിക്കും നിങ്ങൾക്കും ഒരുപോലെ വിശ്വാസമുണ്ട്.

കൊല്ലം വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള സ്ഥലമാണ്. കൊല്ലത്ത് ഇല്ലാത്തത് ഒന്നുമില്ല. നല്ല മീൻ കിട്ടുന്നതു ഞങ്ങളുടെ നാട്ടിലെന്നായിരുന്നു എന്റെ ധാരണ. ഇവിടെ നിന്നു മീൻ കഴിച്ചപ്പോൾ അതുമാറി.

 കൊല്ലം എല്ലാംകൊണ്ടും സമ്പുഷ്ടവും സമ്പന്നവുമാണ്. നല്ല മനുഷ്യരെക്കൊണ്ടും പ്രകൃതിസമ്പത്തു കൊണ്ടും സമ്പന്നമാണ്. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണല്ലോ. ഒരിക്കൽ കൂടി നന്മകൾ നേരുന്നു’– അദ്ദേഹം പറഞ്ഞു.

മമ്മൂട്ടി ഇന്നലെ കൊല്ലം റാവിസ് ഹോട്ടലിലെത്തിയപ്പോൾ മന്ത്രി വി.ശിവൻകുട്ടിയും സംഘവും ചേർന്നു സ്വീകരിച്ചു. സിനിമ നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

English Summary:

Mammootty's Heartfelt Speech Lights Up Closing Ceremony of School Arts Festival in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com