കേരള നദികൾ: മലിനീകരണം കുറഞ്ഞു
Mail This Article
തിരുവനന്തപുരം ∙ മാലിന്യത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ 11 നദീഭാഗങ്ങളെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മലിനീകരണ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആകെ 21 നദീഭാഗങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം കേരളം നടത്തിയ ശുചീകരണ കർമപദ്ധതിയുടെ ഫലമായി മാലിന്യങ്ങൾ കുറച്ചതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കേന്ദ്ര ബോർഡിന്റെ നടപടി.
ഭാരതപ്പുഴ, കേച്ചേരി, തിരൂർ, മൊഗ്രാൽ, പെരുവമ്പ, പുഴക്കൽ, രാമപുരം, കരുവന്നൂർ, കവ്വായി, കുപ്പം, കുറ്റ്യാടി തുടങ്ങിയ നദികളുടെ വിവിധ ഭാഗങ്ങളാണ് ഒഴിവാക്കിയതായി പട്ടികയിൽ നിന്നു വ്യക്തമാകുന്നത്. അതേസമയം, മലിനമായ എട്ട് നദീഭാഗങ്ങൾ ചേർത്ത് പട്ടികയിലെ എണ്ണം 18 ആയി കേന്ദ്ര ബോർഡ് പുതുക്കി. നെയ്യാർ, വാമനപുരം, അയിരൂർ, ചാലക്കുടി, കൽപാത്തിപ്പുഴ,കോരയാർ, മാമം, പുള്ളൂർ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്.
മലിന അളവ് കൂടിയ ഒന്ന്, രണ്ട് വിഭാഗങ്ങളിൽ വരുന്ന നദീഭാഗങ്ങൾ പുതുക്കിയ പട്ടികയിൽ ഇല്ലെന്നതാണ് കേരളത്തിന് ആശ്വാസകരം. ഉയർന്ന വിഭാഗങ്ങളിൽ ഉണ്ടായിരുന്ന നദീഭാഗങ്ങൾ താഴ്ന്ന വിഭാഗങ്ങളിലേക്കു വന്നത് ശുചീകരണ കർമപദ്ധതിയിലൂടെയാണെന്ന് കേരളം ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പെട്ടു. 2018 സെപ്റ്റംബർ 20ലെ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം വിവിധ വകുപ്പ് പ്രതിനിധികൾ അടങ്ങിയ നദീ പുനരുജ്ജീവന സമിതി സംസ്ഥാനം രൂപീകരിച്ചിരുന്നു.