ഗോവിന്ദന്റെ പ്രസ്താവന: ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുൽ
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടിസ് അയച്ചു. യഥാർഥ വിവരങ്ങൾ കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്നു പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണു ഗോവിന്ദൻ ശ്രമിച്ചത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ഇതു മാനഹാനിയുണ്ടാക്കി. വാർത്താ സമ്മേളനം വിളിച്ചു ഗോവിന്ദൻ മാപ്പു പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെട്ടു.
ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യത്തിനായി ഡിസ്ചാർജ് സർട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങൾ ഉൾപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും രാഹുൽ ഹാജരാക്കിയിരുന്നു. കോടതി നിർദേശപ്രകാരം പിന്നീടു വീണ്ടും ജനറൽ ആശുപത്രിയിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. മെഡിക്കലി ഫിറ്റാണെന്ന റിപ്പോർട്ട് പ്രകാരം രാഹുലിനു ജാമ്യം നിഷേധിച്ചു.
ഇതിനു പിന്നാലെയാണു രാഹുൽ ഹാജരാക്കിയ സർട്ടിഫിക്കറ്റിനെതിരെ സിപിഎം രംഗത്തുവന്നത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. എങ്കിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഗോവിന്ദനെ വെല്ലുവിളിച്ചു. ഇതിനിടെയാണു രാഹുൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു അഡ്വ.മൃദുൽ ജോൺ മാത്യു മുഖേന നോട്ടിസ് അയച്ചത്. 7 ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ചു ക്ഷമ ചോദിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.