കരുവന്നൂർ: മന്ത്രി രാജീവിനെതിരെ ബാങ്ക് മുൻ സെക്രട്ടറിയുടെ മൊഴി
Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെ മൊഴി. ബാങ്കിൽനിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ അന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ്, മുൻ തൃശൂർ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, പാലോളി മുഹമ്മദ്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സമ്മർദമുണ്ടായെന്നു മുൻ സെക്രട്ടറി ടി.ആർ.സുനിൽ കുമാർ മൊഴി നൽകിയെന്ന് ഇ.ഡി. ഹൈക്കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടെത്തിയതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും ചോദ്യംചെയ്ത് കേസിലെ പ്രതി അലി നൽകിയ ഹർജിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് ഇ.ഡി. ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
കരുവന്നൂർ ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു സിപിഎമ്മിന്റെ സബ് കമ്മിറ്റിയും പാർലമെന്ററി പാർട്ടിയുമാണ്. നിയമവിരുദ്ധ വായ്പകൾ അനുവദിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണസമിതിക്കു നിർദേശങ്ങൾ നൽകുന്ന യോഗങ്ങളുടെ മിനിറ്റ്സ് രേഖപ്പെടുത്താൻ പ്രത്യേകമായി ബുക്ക് ഉണ്ടായിരുന്നു. നിർദേശങ്ങളും മറ്റും കൈമാറിയിരുന്നത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയാണെന്നും സുനിൽകുമാർ മൊഴി നൽകിയെന്നും ഇ.ഡി. അറിയിച്ചു.
വൻതോതിൽ വെട്ടിപ്പ്
വെളിപ്പെടുത്താത്ത വൻതോതിലുള്ള സമ്പത്തും വരുമാനവും സിപിഎം നേടിയെന്ന് ഇ.ഡി. അറിയിച്ചു. പാർട്ടി പ്രാദേശിക ഓഫിസുകളുടെയും നിക്ഷേപങ്ങളുടെയും സ്വത്തുകളുടെയും അക്കൗണ്ടുകളുടെയെന്നും ഓഡിറ്റ് ചെയ്ത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ പാർട്ടികൾ കണക്കുകൾ വെളിപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ചു. അനധികൃത വായ്പ ഒരുക്കിക്കൊടുക്കുമ്പോൾ പാർട്ടി വായ്പക്കാരിൽനിന്ന് കമ്മിഷൻ വാങ്ങിയിരുന്നു.
ഇ.ഡിയുടെ സത്യവാങ്മൂലത്തിൽനിന്ന്
കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ട്. വൻതോതിലുള്ള കള്ളപ്പണം വെളിപ്പിക്കലാണു നടന്നിരിക്കുന്നത്. പൊതുജനങ്ങളുടെ പണം വൻതോതിലാണു വെട്ടിച്ചത്. ക്രമക്കേട് നടത്തിയത് സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ്. കേസിലെ പ്രതികളിലേറെയും സിപിഎമ്മിന്റെ ഭാരവാഹികളോ അംഗങ്ങളോ ആണ്. സിപിഎമ്മിന്റെ 17 ഏരിയ കമ്മിറ്റികളുടെ പേരിൽ 25 വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇവയ്ക്ക് 1.73 കോടി രൂപയുടെ നീക്കിബാക്കിയുണ്ട്. 63.98 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ട്. വെളിപ്പെടുത്താത്ത ഈ അക്കൗണ്ടുകളിൽ 10 വർഷമായി 100 കോടിയിലേറെ രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്.