ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം) ∙ എസ്എഫ്ഐ നേതാവിന് 6 മാർക്ക് ദാനം നൽകാനുള്ള നിർദേശം നിയമവിരുദ്ധമാണെന്ന ആരോപണമുയർന്നിട്ടും തിരുത്താൻ തയാറാകാതെ കാലിക്കറ്റ് സർവകലാശാല. മാർക്ക് ദാനം നൽകാനുള്ള തീരുമാനം നടപ്പാക്കാത്ത അധ്യാപകന് കാരണംകാണിക്കൽ നോട്ടിസ് നൽകാനാണ് സർവകലാശാലയുടെ തീരുമാനം.

2016–19 വർഷം ചിറ്റൂർ ഗവ.കോളജിൽ ബോട്ടണി ബിരുദ വിദ്യാർഥിയായിരുന്ന എസ്എഫ്ഐ നേതാവിന് സപ്ലിമെന്ററി പേപ്പറിന്റെ ഇന്റേണൽ പരീക്ഷയ്ക്ക് 6 മാർക്ക് ദാനം നൽകാൻ തീരുമാനിച്ചതാണു വിവാദമായത്. ഇന്റേണൽ പരീക്ഷയിൽ ഹാജരാകാത്ത വിദ്യാർഥിക്ക് പൂജ്യം മാർക്കാണു ലഭിച്ചത്. വിദ്യാർഥിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ വിദ്യാർഥി പ്രശ്നപരിഹാര നീതിനിർവഹണ സമിതി, വിജയിക്കാനുള്ള മിനിമം മാർക്കായ 6 നൽകാൻ നിർദേശിക്കുകയായിരുന്നു. 

മാർക്ക് അപ്‌ലോഡ് ചെയ്യേണ്ടത് കോളജിലെ അധ്യാപകനാണ്. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകന് കാരണംകാണിക്കൽ നോട്ടിസ് നൽകാനൊരുങ്ങുന്നത്. അതേസമയം, എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് ദാനം നൽകുന്നത് കാലിക്കറ്റിൽ തുടർക്കഥ ആയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. 

എന്നാൽ, തിയറി പേപ്പറിന് വിദ്യാർഥിക്ക് 6 മാർക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 6 മാർക്ക് നൽകാൻ പാടില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നുമാണ് അധികൃതരുടെ വാദം. കോളജ്തല വിദ്യാർഥി പ്രശ്ന പരിഹാര സമിതി നേരത്തേ വിദ്യാർഥിക്ക് അനുകൂലമായി നിലപാട് എടുത്തെങ്കിലും യൂണിവേഴ്സിറ്റി പരീക്ഷാ സ്ഥിരസമിതി അത് അംഗീകരിച്ചില്ല. കോളജ് സമിതി വീണ്ടും വിദ്യാർഥിക്ക് അനുകൂലമായി നിന്നപ്പോൾ യൂണിവേഴ്സിറ്റിതല വിദ്യാർഥി പ്രശ്ന പരിഹാര സമിതി വിദ്യാർഥിക്ക് 6 മാർക്ക് നൽകാൻ നിർദേശിക്കുകയായിരുന്നു.

English Summary:

Calicut University mark awarding controversy: University to send notice to teacher who refuses to give mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com