ADVERTISEMENT

കൊച്ചി ∙ ജനങ്ങളോടുള്ള ‘എടാ’, ‘പോടാ’, ‘നീ’ വിളികൾ പൊലീസ് മതിയാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ‘ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ; ആരും ആരുടെയും താഴെയല്ല’– കോടതി ഓർമിപ്പിച്ചു. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും സർക്കുലർ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓൺലൈനായി കോടതിയിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇക്കാര്യം ഉറപ്പു നൽകി.

പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്ഐ വി.ആർ.റിനീഷിനെ താക്കീതോടെ സ്ഥലംമാറ്റിയെന്നും വകുപ്പു തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടർനടപടികളിലെ പുരോഗതി വിലയിരുത്താൻ ഫെബ്രുവരി ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോടു പൊലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെ എസ്ഐ റിനീഷിനെതിരെ അഭിഭാഷകൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കോടതി നോട്ടിസ് പുറപ്പെടുവിച്ചു. ഈ ഉദ്യോഗസ്ഥൻ മുൻപു ജോലി ചെയ്ത ഹേമാംബിക നഗർ സ്റ്റേഷനിൽ പ്രശ്നം ഉണ്ടാക്കിയതു കൊണ്ടാണ് ആലത്തൂരിലേക്കു മാറ്റിയതെന്നും സ്ഥലംമാറ്റം ഒന്നിനും പരിഹാരമല്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ അഭിഭാഷകൻ പറഞ്ഞു.

മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കാണ് റിനീഷിനെ മാറ്റിയത്. അഡീഷനൽ എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണവും നടക്കുന്നുണ്ട്.

English Summary:

High Court to kerala police regarding usage of words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com