ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ മന്ത്രിക്ക് കരാറുകാരന്റെ ജീപ്പ്; വിവാദം
Mail This Article
കോഴിക്കോട്∙ റിപ്പബ്ലിക്ദിന പരേഡിൽ പൊതുമരാമത്തു മന്ത്രി പിഎ.മുഹമ്മദ് റിയാസിനു ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാൻ കരാറുകാരന്റെ ജീപ്പ് ഉപയോഗിച്ചതിൽ വിവാദം. പരേഡുകൾക്ക് പതിവായി ഉപയോഗിക്കുന്ന പൊലീസ് ജീപ്പിനു പകരമാണ് മാവൂർ സ്വദേശിയായ കരാറുകാരന്റെ വാഹനം രൂപമാറ്റം വരുത്തി ത്രിവർണപതാക നിറത്തിലുള്ള റിബണും ഒട്ടിച്ച് പരേഡിൽ ഉപയോഗിച്ചത്. വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പരേഡുകളിൽ മാലൂർക്കുന്ന് ക്യാംപിലെ പൊലീസ് ജീപ്പാണ് രൂപമാറ്റം വരുത്തി വർഷങ്ങളായി ഉപയോഗിക്കുന്നത്. ഈ വാഹനം ഉണ്ടായിരിക്കെയാണ് കരാറുകാരന്റെ സ്വകാര്യ വാഹനം റിപ്പബ്ലിക് ദിനത്തിനു 4 ദിവസം മുൻപ് ക്യാംപിൽ എത്തിച്ചത്. വാഹനത്തിന്റെ മുൻവശത്തെ ചില്ലിൽ കരാർ കമ്പനിയുടെ പേരുണ്ടായിരുന്നതിനു മേലേയാണ് ത്രിവർണ റിബൺ സ്റ്റിക്കർ ഒട്ടിച്ചത്.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ 7ന് പൊലീസ് ഡ്രൈവർ ഈ വാഹനം മൈതാനത്ത് എത്തിച്ചു. എന്നാൽ സർക്കാർ റജിസ്ട്രേഷനല്ലാതെ, മലപ്പുറം റജിസ്ട്രേഷനുള്ള വാഹനം എത്തിയതോടെ തന്നെ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നടക്കം സംശയമുയർന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഈ വാഹനത്തിൽ കയറി സല്യൂട്ട് സ്വീകരിച്ചു. 15 മിനിറ്റ് പരേഡിനു ശേഷം വാഹനം തിരിച്ചുപോയി.
അതേസമയം, പരേഡുകൾക്ക് ഉപയോഗിച്ചിരുന്ന കെഎൽ 01എഎ 5020 നമ്പറുള്ള തുറന്ന ജീപ്പ് 15 വർഷം കാലാവധി കഴിഞ്ഞതിനാൽ ഫിറ്റ്നസ് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്ത് മറ്റൊരു വാഹനം ഒരുക്കാൻ തീരുമാനിച്ചതെന്നു പൊലീസ് പറയുന്നു. പട്ടാളത്തിന്റെ വാഹനം ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും പട്ടാള ഡ്രൈവർ മാത്രമേ വാഹനം ഓടിക്കാവു എന്ന നിബന്ധനയുണ്ട്. തുടർന്ന് സ്വകാര്യ വാഹനം വാടകയ്ക്കു കണ്ടെത്തുകയായിരുന്നു. നേരത്തേ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പാസിങ് ഔട്ട് പരേഡിൽ ഉപയോഗിച്ച സാഹചര്യത്തിലാണ് ഇതേ വാഹനം ഉപയോഗിക്കാൻ തീരുമാനിച്ചത്. സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ വാഹനം വാടക നൽകി ഉപയോഗിക്കാറുണ്ടെന്നു മാലൂർക്കുന്ന് ക്യാംപ് അധികൃതർ പറഞ്ഞു.
∙ വാഹനം പരിശോധിക്കേണ്ടത് ജില്ലാ ഭരണകൂടം
‘പരേഡിന് ഉപയോഗിക്കുന്നത് ആരുടെ വാഹനമാണ്, ആർസി ബുക്ക് ഉണ്ടോ എന്നൊക്കെ നോക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. ഒരു മന്ത്രിക്ക് ഇതിൽ റോൾ ഇല്ല. മന്ത്രിയെന്തോ കുറ്റം ചെയ്തുവെന്നാണ് പ്രചാരണം. ചിലരുടെ ചോര കുടിക്കുക എന്ന ലക്ഷ്യം മാത്രമാണ് വിവാദത്തിനു പിന്നിൽ. ഇതിലൊന്നും ഭയമില്ല. കരാറുകാരന്റെ വാഹനം ഗാർഡ് ഓഫ് ഓണറിന് ഉപയോഗിച്ചതിൽ ജില്ലാ കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം തേടിയിട്ടുണ്ട്.’ – മന്ത്രി പി.എ.മുഹമ്മദ് റിയാസ്