ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ ‘ധൂർത്ത്’ ആക്ഷേപത്തിന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മറുപടി. സംസ്ഥാനത്ത് ട്രഷറി മുഴുവൻ സമയവും സജീവമാണ്. വരവും ചെലവും റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്നു. ചെലവിൽ മാത്രം ഏതാണ്ട് 30,000 കോടി രൂപയുടെ വർധന 3 വർഷത്തിനിടെയുണ്ടായി. പണം ചെലവഴിച്ചാൽ ധന പ്രതിസന്ധിയുണ്ടാകില്ല. പ്രതിപക്ഷ ആരോപണത്തിനുമേൽ ചർച്ചയ്ക്കു തയാറാണ്. മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര അടക്കം യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്യാം. ക്ഷേമപെൻഷൻ വാങ്ങുന്നവരെയും ലൈഫ് ഗുണഭോക്താക്കളെയും കൃഷിക്കാരെയും കെഎസ്ആർടിസി ജീവനക്കാരെയും പിഎസ്‌സി ഉദ്യോഗാർഥികളെയും ഇളക്കി വിട്ട് സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം വിജയിച്ചില്ല. കേന്ദ്ര അവഗണനയുണ്ടെന്നു പ്രതിപക്ഷവും സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സ്വന്തം ചെലവിൽ സമരം ചെയ്യാൻ പ്രതിപക്ഷം തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അമിത വിഭവ കേന്ദ്രീകരണവും വിവേചനവും കാട്ടി കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണ്. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉപരോധത്തിലേക്കു കേരളത്തെ തള്ളിവിടുന്നു. ഇതിനെതിരെ ‘തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല കേരളത്തെ’ എന്ന വികാരത്തോടെ മുന്നേറും. കേന്ദ്ര അവഗണനയുടെ യാഥാർഥ്യം പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും ബോധ്യമാകാത്ത സാഹചര്യത്തിലാണ് നവകേരള സദസ്സിൽ ചില കാര്യങ്ങൾ തുറന്നു പറയാൻ തയാറായത്.

സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തിൽ 57,400 കോടിയുടെ കുറവ് ഉണ്ടായെന്ന് ബജറ്റിലും മന്ത്രി ആരോപിച്ചു. സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടവും പുറത്തെ രാഷ്ട്രീയ സമരവും കാര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര നിലപാടിൽ അയവു വരുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. അവഗണന തുടർന്നാൽ ‘പ്ലാൻ ബി’ കേരളത്തിന്റെ കയ്യിലുണ്ടാകും–: മന്ത്രി പറഞ്ഞു.

English Summary:

Ready for open discussion says KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com