ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾക്കു പുതിയ പദ്ധതികളും കൂടുതൽ തുകയും അനുവദിച്ചപ്പോൾ ഇതൊന്നുമില്ലാതെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ ഞെരുക്കി. റവന്യു, ഭക്ഷ്യപൊതുവിതരണ വകുപ്പുകളാണ് ഏറ്റവുമധികം തഴയപ്പെട്ടത്. സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാൻ, ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. മന്ത്രിമാരായ ജി.ആർ.അനിലും കെ.രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായി സൂചനയുണ്ട്.

സബ്സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52 കോടി രൂപയുടെ കടുത്ത സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ളത് 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാർ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും സ്റ്റോക്കില്ല.

വിൽപനശാലകളുടെ നവീകരണത്തിന് 10 കോടി രൂപ മാത്രമാണ് ബജറ്റ് പ്രഖ്യാപനം. ഇതിനു പുറമേ റേഷൻ സംവിധാനത്തിന് 41.17 കോടി രൂപ, ‘വിശപ്പുരഹിത കേരളം’ പദ്ധതിക്ക് 2 കോടി, പൊതുവിതരണ വകുപ്പിന്റെ അടിസ്ഥാനസകൗര്യ വികസനത്തിന് 2.50 കോടി രൂപ എന്നിവയാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. 

കഴിഞ്ഞ തവണ 48 കോടി രൂപ ലഭിച്ച റവന്യു വകുപ്പിന് ഇത്തവണ 49 കോടി രൂപ നീക്കിവച്ചെങ്കിലും ഇതിൽ 25 കോടി രൂപ റവന്യു ഭവൻ എന്ന ആസ്ഥാനത്തിനുള്ളതാണ്. സിപിഐ ഭരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത് 177.96 കോടി രൂപ ഇത്തവണ 137.63 കോടി രൂപയായി വെട്ടിച്ചുരുക്കി.

ബജറ്റിനെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

തിരുവനന്തപുരം ∙ ബജറ്റിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബജറ്റിനെതിരെ സിപിഐ മന്ത്രിമാർ പരാതിപ്പെടുന്നതിനു മുൻപാണ് ബിനോയിയുടെ പ്രതികരണം വന്നത്. കാർഷിക മേഖല അടക്കമുള്ള അടിസ്ഥാന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് വികസനോന്മുഖമാണെന്നു ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്രം ഞെരുക്കുമ്പോൾ കേരളം മുന്നോട്ടു പോകുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

English Summary:

Revenue and food departments were the most affected in Kerala Budget 2024; CPI ministers unsatisfied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com