ADVERTISEMENT

കാസർകോട് ∙ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസ്സിൽ പൗരപ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ പ്രഭാത ചർച്ചയ്ക്കു പകരം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ പങ്കെടുപ്പിച്ച് പ്രഭാത ചർച്ച. വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണത്തിനു പകരം ഉപ്പുമാവും കേസരിയും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി നടന്ന ജനകീയ ചർച്ചാ സദസ്സ് പരോക്ഷമായി നവകേരള സദസ്സിനുള്ള മറുപടിയാക്കി കോൺഗ്രസ്. യാത്രയിലെ ആദ്യ ചർച്ചാ സദസ്സാണ് കാസർകോട്ട് നടന്നത്. 

എൻഡോസൾഫാൻ ദുരിതബാധിതർ, വന്യമൃഗശല്യം നേരിടുന്ന കർഷകർ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ, മത്സ്യത്തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവർ സദസ്സിൽ പങ്കെടുത്തു. 

റിപ്പോർട്ട് തയാറാക്കും

ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും പഠിച്ച് റിപ്പോർട്ട് സമരാഗ്നി യാത്രയ്ക്കു ശേഷം ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുമെന്ന് വി.ഡി.സതീശനും കെ.സുധാകരനും പറഞ്ഞു. ആവശ്യങ്ങൾ നടപ്പാക്കാൻ കേന്ദ്രത്തിലും സംസ്ഥാന സർക്കാരിലും ഇടപെടൽ നടത്തും.രാജ്മോഹൻ ഉണ്ണിത്താൻ എംപി അധ്യക്ഷത വഹിച്ചു. സദസ്സ് ചെയർമാൻ പഴകുളം മധു, എംഎൽഎമാരായ സജീവ് ജോസഫ്, ടി.സിദ്ദീഖ്, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, എം.സി.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം 14ന് ശേഷമെന്ന് നേതാക്കൾ

കാസർകോട് ∙ കോട്ടയം ലോക്സഭാ സീറ്റ് കോൺഗ്രസിനു വിട്ടുതരണമെന്ന് കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടതായി കെപിസിസി പ്രസിഡന്റ് പറ‍ഞ്ഞത് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും.

14ന് നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷമേ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനമാകുകയുള്ളു. സീറ്റ് സംബന്ധിച്ച് കേരള കോൺഗ്രസുമായുള്ള ചർച്ച പൂ‍ർത്തിയായി. അധികമായി ഒരു സീറ്റ് വേണമെന്ന മു‌സ്‌ലിം ലീഗിന്റെ ആവശ്യത്തിൽ ചർച്ച തുടരുന്നു. കൊല്ലം സീറ്റ് സംബന്ധിച്ചും തർക്കമില്ല.

മുന്നണിക്കകത്ത് ധാരണയിലെത്തിയ ശേഷം മാത്രമേ കോൺഗ്രസ് സീറ്റുകൾ ആർക്കൊക്കെ എന്നു തീരുമാനിക്കൂ.  മത്സരിക്കാൻ താൽപര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് ദേശീയ നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷേ, ദേശീയ നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം– ഇരുവരും പറഞ്ഞു.

English Summary:

Congress conducting meeting with ordinary people in samaragni rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com