കരാറുകാരന്റെ വാടകക്കെട്ടിടങ്ങളിൽ പരിശോധന; വൻ സ്ഫോടകശേഖരം കണ്ടെടുത്തു; കഞ്ചാവും പിടിച്ചെടുത്തു
Mail This Article
പോത്തൻകോട് (തിരുവനന്തപുരം)∙ തൃപ്പൂണിത്തുറ സ്ഫോടനത്തെ തുടർന്ന് കരാറുകാരൻ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കരാറുകാരൻ പോത്തൻകോട് ശാസ്തവട്ടം പ്ലാവില വീട്ടിൽ അനൂപ് എന്ന ആദർശ്, സഹോദരൻ അഖിൽ (അപ്പൂസ്) എന്നിവർ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.
പോത്തൻകോട് പൊലീസ് ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിനു സമീപം ചൂരക്കാട് പടക്കം ശേഖരിച്ചു വച്ച കെട്ടിടത്തിൽ ഉഗ്രസ്ഫോടനം നടന്നെന്ന് അറിഞ്ഞതോടെ തന്നെ ബന്ധപ്പെട്ടവർ ശാസ്തവട്ടത്തെ വാടക വീടുകളിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ മാറ്റി. ഇവർക്ക് പടക്കം നിർമിക്കാനോ വിൽപന നടത്താനോ ലൈസൻസ് ഉള്ളതായി രേഖകളില്ലെന്ന് എസ്എച്ച്ഒ പറഞ്ഞു. നിയമ പ്രകാരമല്ലാതെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിനു പുറമേ കഞ്ചാവ് സൂക്ഷിച്ചതിനും കേസ് എടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ആദർശിന് ഗുരുതര പൊള്ളലേറ്റതായാണ് വിവരം. അഖിലിനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ആദർശിന്റെയും അഖിലിന്റെയും അച്ഛൻ മധുവിൽ നിന്നാണ് ഇവർ പാരമ്പര്യമായി പടക്ക കച്ചവടത്തിലേക്ക് എത്തുന്നത്. മധു 2 വർഷം മുൻപ് അസുഖ ബാധിതനായി മരിച്ചു. ഈ സമയം മധുവിന്റെ ഭാര്യ ആനന്ദവല്ലിയുടെ പേരിൽ പടക്കവിൽപനയ്ക്കായി മാത്രം ലൈസൻസ് ഉണ്ടായിരുന്നതായാണ് വിവരം. ആനന്ദവല്ലിയും 6 മാസം മുൻപ് മരിച്ചു.