നിൽക്കണോ, പോകണോ എന്നു ജനാധിപത്യം ചോദിക്കുന്ന വർഷം: മാർത്തോമ്മാ മെത്രാപ്പൊലീത്ത
Mail This Article
മാരാമൺ ∙ നിൽക്കണോ, അതോ പോകണോ എന്നു ജനാധിപത്യം ലോകത്തോടു ചോദിക്കുന്ന വർഷമാണിതെന്നു ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുൾപ്പെടെ 60ൽ ഏറെ രാജ്യങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷമാണിത്. ജനാധിപത്യത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിക്കാനുള്ള അവസരമായി ഇതു നമ്മൾ മാറ്റിയെടുക്കണം. മതന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. ഉത്തരവാദിത്തപ്പെട്ടവർ ആശങ്കയകറ്റാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെയും അദ്ദേഹം വിമർശിച്ചു.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, സജി ചെറിയാൻ, വീണാ ജോർജ് എന്നിവരെ സദസ്സിലിരുത്തിയായിരുന്നു മെത്രാപ്പൊലീത്തയുടെ വിമർശനം.
എല്ലാ ഭരണസംവിധാനമുണ്ടായിട്ടും കൺമുന്നിൽ ജീവൻ നഷ്ടപ്പെടുന്നതാണു വയനാട്ടിൽ കണ്ടത്. സ്വന്തം വീട്ടിൽ പോലും ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. എത്ര പണം കൊടുക്കാമെന്നല്ല ചിന്തിക്കേണ്ടത്. ജനപ്രതിനിധികൾ ജനങ്ങളുടെ വേദന ഒപ്പിയെടുക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ കുട്ടിയെ പൊലീസ് പിന്നീടു കണ്ടെത്തിയെങ്കിലും 24 മണിക്കൂർ ആ കുടുംബം തീ തിന്നുന്നതു നേരിട്ടു കാണാനിടയായി.
ക്രൈസ്തവ സഭകളെ കൈപിടിച്ചുയർത്താൻ 2021ൽ സർക്കാർ നിയോഗിച്ച ജെ.ബി.കോശി കമ്മിഷന്റെ റിപ്പോർട്ട് 2024ലും നടപ്പായിട്ടില്ല. ദലിത് ക്രൈസ്തവർക്ക് അർഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കണം. കഴിഞ്ഞ 10 വർഷത്തിൽ 16 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചെന്നു വായിക്കാനിടയായി. 2023ൽ 45,133 പേർ ഉപരിപഠനത്തിനായി കേരളം വിട്ടു. ഇവരാരും തിരികെ വരുമെന്നു തോന്നുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾ അതിരൂക്ഷമാണ്. ഇതു സാധാരണക്കാരായ വിദ്യാർഥികളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഭൂമിക്കു വേണ്ടിയുള്ള ഹരിതപ്രാർഥന’
സഭയുടെ കാർബൺ നോമ്പ് ആചരണം സംബന്ധിച്ച മലയാള മനോരമയുടെ മുഖപ്രസംഗത്തെക്കുറിച്ചു മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രത്യേകം പരാമർശിച്ചു. ‘കരുതാം കാലാവസ്ഥയെ, കാർബൺ നോമ്പിലൂടെ’ എന്ന പേരിലാണു മാർത്തോമ്മാ സഭ ഓരോ ആഴ്ചയും പ്രത്യേക വിഷയം കേന്ദ്രീകരിച്ചു വർജനവും ഉപവാസവും അനുഷ്ഠിക്കുന്നത്. ഇതു ഭൂമിക്കു വേണ്ടിയുള്ള ഹരിത പ്രാർഥനയാണെന്നും അദ്ദേഹം പറഞ്ഞു.