ADVERTISEMENT

കണ്ണൂർ ∙ സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലകൾക്കും അനുമതി നൽകുന്നതിൽ തെറ്റില്ലെന്ന നിലപാടിലേക്കു സിപിഎം മാറുമ്പോ‍ൾ കൂത്തുപറമ്പ് വെടിവയ്പ് ഓർമയിലെത്തുക സ്വാഭാവികം. സ്വാശ്രയ മേഖലയിൽ പരിയാരത്ത് മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെയും ഉന്നതവിദ്യാഭ്യാസ മേഖല കച്ചവടവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും നടത്തിയ സമരത്തിനു നേരെ കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവയ്പിൽ 5 പ്രവർത്തകരെയാണ് ഡിവൈഎഫ്ഐക്കു നഷ്ടമായത്. ആ രക്തസാക്ഷിത്വത്തിന് 30 വർഷം തികയാറാകുമ്പോഴാണു പഴയ മുദ്രാവാക്യം മറന്ന് പാർട്ടി നിലപാടുമാറ്റത്തിനു തയാറെടുക്കുന്നത്. ഇതിനെല്ലാം സാക്ഷിയായി, ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ ഇപ്പോഴും ചികിത്സയിലാണ്.

ലാത്തിച്ചാർജ്, കല്ലേറ്, വെടിവയ്പ്

1994 നവംബർ 25ന് അന്നത്തെ സഹകരണ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാട്ടാൻ കൂത്തുപറമ്പിൽ രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചു. അർബൻ സഹകരണ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രിക്കെതിരെ പ്രതിഷേധം മുൻകൂട്ടിക്കണ്ട് വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. രാവിലെ 11.55നു രാഘവൻ സ്ഥലത്തെത്തി. 

മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കുനേരെ പൊടുന്നനെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർ തിരിച്ചു കല്ലെറിഞ്ഞു. ചിതറിയോടിയവരുടെ ഇടയിലൂടെ വഴിയുണ്ടാക്കി മന്ത്രിവാഹനം ടൗൺഹാളിലേക്കു നീക്കി. മന്ത്രി ഹാളിൽ കയറുന്നതിനിടയിൽ കൂത്തുപറമ്പ് കണ്ണൂർ റോഡിൽ വെടിവയ്പ് തുടങ്ങി. കെ.കെ.രാജീവൻ, കെ.വി.റോഷൻ, ഷിബുലാൽ, കുണ്ടുചിറ ബാബു, വി.മധു എന്നിവർ കൊല്ലപ്പെട്ടു. വെടിയേറ്റ പുഷ്പൻ തളർന്നു കിടപ്പിലായി. ഇതേസമയം, പൊലീസ് വലയത്തിനുള്ളിൽ ഒതുങ്ങിനിന്നു ബാങ്ക് ഉദ്ഘാടനം ചെയ്ത മന്ത്രി 13 മിനിറ്റ് പ്രസംഗിച്ച ശേഷമാണു തിരിച്ചുപോയത്.

koothuparambu-police-firing-death

കേസുകളുടെ നില

വെടിവയ്പ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷന്റെ റിപ്പോർട്ടിൽ എം.വി.രാഘവൻ, ഡപ്യൂട്ടി കലക്ടർ ടി.ടി.ആന്റണി, ഡിവൈഎസ്പി ഹക്കീം ബത്തേരി, എസ്.പി.രാവാഡ ചന്ദ്രശേഖർ എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. കോൺസ്റ്റബിൾമാരായ ശശിധരൻ, ലൂക്കോസ്, ബാലചന്ദ്രൻ, സഹദേവൻ, പ്രേംനാഥ്, ദാമോദരൻ, രാജൻ, സ്റ്റാൻലി, ജോസഫ് തുടങ്ങിയവരും പ്രതിചേർക്കപ്പെട്ടു. കോടതി നിർദ്ദേശപ്രകാരം നേരത്തേയെടുത്ത കേസുകളും ഇവർക്കെതിരെയുണ്ടായിരുന്നു. സമരക്കാരും വെടിവയ്പിനു നേതൃത്വം നൽകിയവരും പ്രതികളായ കേസുകൾ മേൽക്കോടതികളിലെത്തി. 

കേസുകളിൽ നടപടി നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ‌മുൻകൂർ അനുമതി വാങ്ങാതെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും ഒരേ കേസിൽ രണ്ട് എഫ്ഐആറുകൾ നിലനിൽക്കില്ലെന്നുമുള്ള സാങ്കേതികത്വം പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്. വകുപ്പുതല നടപടിയുടെ ഭാഗമായി  ഹക്കിം ബത്തേരിക്കു കുറച്ചുകാലം സസ്പെൻഷനിൽ കഴിയേണ്ടി വന്നു. പിന്നീട് ഹക്കിം ബത്തേരിയെയും കോടതി കുറ്റവിമുക്തനാക്കി. 

നയം മാറുമ്പോൾ

വെടിവയ്പിനു ശേഷം, ‘ഡ്രാക്കുള’യെന്നു സിപിഎം വിളിച്ച എം.വി.രാഘവൻ പിന്നീടു പാർട്ടിക്കു പ്രിയപ്പെട്ടവനായതും അദ്ദേഹത്തിന്റെ അനുയായികളിൽ അരവിന്ദാക്ഷൻ വിഭാഗത്തെ പാർട്ടിയിലേക്കു സ്വീകരിച്ചതും മറ്റൊരു നയംമാറ്റം. സഹകരണ–സ്വാശ്രയ സ്ഥാപനമായിരുന്ന പരിയാരം മെഡിക്കൽ കോളജിനെ സർക്കാർ സ്ഥാപനമാക്കി മാറ്റാൻ മുൻകയ്യെടുത്ത പാർട്ടിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ–വിദേശ നിക്ഷേപത്തിനു വഴിയൊരുക്കുന്നതെന്ന വൈരുധ്യം മുഴച്ചുനിൽക്കുന്നു. അന്നു ഡിവൈഎഫ്ഐയും സിപിഎമ്മും എതിർത്തിരുന്ന കാര്യങ്ങളെല്ലാം പാർട്ടിയുടെ നേതൃത്വത്തിൽ  തിരിച്ചുവരുമ്പോൾ, പണ്ടുയർത്തിയ മുദ്രാവാക്യങ്ങൾ ആ കാലത്തിന്റെ ആവശ്യമായിരുന്നുവെന്നും ഇപ്പോൾ ആ സാഹചര്യമല്ലെന്നുമാണ് നേതാക്കൾ വിശദീകരിക്കുന്നത്.

English Summary:

Koothuparambu police firing death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com