കാബിനറ്റ് പദവി ‘കിഫ്ബി’ക്കായ് പോരാട്ടം തുടരുമെന്ന സന്ദേശം
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാമിന് കാബിനറ്റ് പദവി നൽകാനുള്ള തീരുമാനത്തിനു പിന്നിൽ കേന്ദ്ര സർക്കാരിനുള്ള സന്ദേശവും. കിഫ്ബിക്കു മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കിയതിനാൽ അതിന്റെ ഉപജ്ഞാതാവായ കെ.എം.ഏബ്രഹാമിനെ സർക്കാർ സംരക്ഷിക്കും എന്ന നിലപാടാണ് തെളിയുന്നത്. സംസ്ഥാനത്തെ പ്രതിനിധീകരിച്ചു ഡൽഹിയിലെത്തി ചർച്ചകളിൽ പങ്കെടുക്കുന്നതിനും കാബിനറ്റ് പദവി സഹായകരമാകും.
കിഫ്ബിയും പെൻഷൻ കമ്പനിയും കടമെടുത്ത തുക സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയതിനെതിരെ നിയമപോരാട്ടം നടത്തണമെന്ന നിർദേശം മുന്നോട്ടുവച്ചത് കെ.എം.ഏബ്രഹാമായിരുന്നു. ഇതു സംബന്ധിച്ച നിയമോപദേശവും അനുകൂലമായതോടെ സർക്കാർ സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ ഹർജി നൽകി. കോടതി നിർദേശിച്ചതനുസരിച്ച് ഡൽഹിയിൽ കേന്ദ്രവുമായി ചർച്ചയ്ക്കു പോയ സംഘത്തിലും കെ.എം.ഏബ്രഹാം ഉണ്ടായിരുന്നു.
നിലവിൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ കാബിനറ്റ് പദവി ലഭിക്കുന്ന ഏക വ്യക്തിയാണ് കെ.എം.ഏബ്രഹാം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന സി.പി.സുധാകര പ്രസാദിനു കാബിനറ്റ് പദവി നൽകിയെങ്കിലും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞതോടെ പിൻവലിച്ചു.
നിലവിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്, നിയമസഭാ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ, ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി എന്നിവർക്കാണു കാബിനറ്റ് പദവിയുള്ളത്. ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനു കാബിനറ്റ് പദവിയുണ്ടെങ്കിലും വി.എസ്.അച്യുതാനന്ദനു ശേഷം ഒഴിഞ്ഞുകിടക്കുകയാണ്. മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായിരിക്കെ ആർ.ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവി നൽകി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി മുൻപു പ്രവർത്തിച്ച എ.സമ്പത്തിനു കാബിനറ്റ് പദവി നൽകിയിരുന്നു. അതിനു ശേഷം ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി ഡൽഹിയിൽ നിയമിച്ച വേണു രാജാമണിക്ക് ചീഫ് സെക്രട്ടറി പദവിയാണു നൽകിയത്.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ് കെഎസ്ഐഡിസി ചെയർമാനും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമനം ലഭിച്ചപ്പോൾ കാബിനറ്റ് പദവി നൽകിയിരുന്നു. അദ്ദേഹം കെഎസ്ഐഡിസിയിലാണ് പ്രവർത്തിച്ചിരുന്നത്.
ഡോ.കെ.എം.ഏബ്രഹാമിന് കാബിനറ്റ് പദവി
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനു കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ചീഫ് സെക്രട്ടറിക്കു മുകളിലുള്ള പദവിയിലേക്ക് ഇദ്ദേഹം മാറും. മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗത്തിനു കാബിനറ്റ് പദവി നൽകുന്നത് ആദ്യമാണ്.
ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ഏബ്രഹാം നൽകിയ മികച്ച സേവനം കണക്കിലെടുത്താണ് പദവി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയാണ് ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്നത്.
ചീഫ് സെക്രട്ടറിയായി വിരമിച്ച ഏബ്രഹാമിനെ ചീഫ് സെക്രട്ടറിയുടെ പദവിയോടെയാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നത്. പല പ്രധാന ഫയലുകളുടെയും കരടു തയാറാക്കുന്നത് ഇദ്ദേഹമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിനു വേണ്ടി ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണവും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
മന്ത്രിമാർക്കു തുല്യമായ പദവി
മന്ത്രിസഭാംഗങ്ങൾക്കു തുല്യമായ പദവിയും സൗകര്യങ്ങളും ആനുകൂല്യങ്ങളും ആണു കാബിനറ്റ് പദവി ലഭിച്ചാൽ കിട്ടുക. പ്രോട്ടോക്കോൾ അനുസരിച്ച് മന്ത്രിമാർക്കു സമാനമായ മുൻഗണനയും ലഭിക്കും. 25 പഴ്സനൽ സ്റ്റാഫിനെ വരെ നിയമിക്കാമെങ്കിലും ഉദ്യോഗസ്ഥർ അത്രത്തോളം പേരെ വയ്ക്കാറില്ല. മന്ത്രിമാരുടെ കാറുകൾക്കു സമാനമായി കാറും പ്രത്യേക നമ്പരും ലഭിക്കും. ആവശ്യപ്പെട്ടാൽ പൈലറ്റും എസ്കോർട്ടും നൽകും. ഒൗദ്യോഗിക വസതിക്കും ചികിത്സാ സൗകര്യങ്ങൾക്കും അവകാശമുണ്ട്.