സിപിഐ നേതൃതലത്തിൽ ധാരണ; തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്, മുതിർന്ന നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രനെത്തന്നെ കളത്തിലിറക്കാൻ സിപിഐ. വയനാട്ടിൽ ദേശീയ നിർവാഹക സമിതി അംഗം ആനി രാജയും തൃശൂരിൽ മുൻ മന്ത്രിയും സംസ്ഥാന കൗൺസിൽ അംഗവുമായ വി.എസ്.സുനിൽകുമാറുമാകും സ്ഥാനാർഥികൾ. മാവേലിക്കരയിൽ എഐവൈഎഫ് നേതാവ് സി.എ.അരുൺ കുമാറിനെ പോരിനിറക്കാനും ഉന്നത നേതൃത്വത്തിൽ ധാരണയായി. 26നു ചേരുന്ന സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗം അന്തിമതീരുമാനമെടുക്കും.
തിരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിരുന്ന പന്ന്യൻ പാർട്ടി നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്. തലസ്ഥാനത്ത് പന്ന്യൻ അല്ലാതെ മറ്റൊരാൾ ഇല്ലെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എങ്കിലും 26നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ബുദ്ധിമുട്ടുകൾ ആവർത്തിക്കുമെന്നു പാർട്ടി നേതൃത്വത്തെ പന്ന്യൻ അറിയിച്ചതായാണ് വിവരം. 2005ൽ പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യനാണ് വിജയിച്ചത്.
തൃശൂരിൽ സുനിൽകുമാർ മതിയെന്ന് ജില്ലാ ഘടകം നിർദേശിച്ചിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയുള്ള വയനാട്ടിൽ ദേശീയ നേതാവ് തന്നെ മത്സരിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ വനിതാ മുഖമായ ആനി രാജയെ കളത്തിലിറക്കുന്നത്. മാവേലിക്കരയിൽ പരിഗണിക്കുന്ന അരുൺകുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവും മന്ത്രി പി.പ്രസാദിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമാണ്.