നാലു സീറ്റുകളിൽ സിപിഐ തീരുമാനം ഇന്ന്; മാവേലിക്കരയുടെ കാര്യത്തിൽ അനിശ്ചിതത്വം
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്നു ചേരുമ്പോൾ മാവേലിക്കരയുടെ കാര്യത്തിൽ അനിശ്ചിതത്വം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ വി.എസ്.സുനിൽകുമാർ, വയനാട്ടിൽ ആനി രാജ എന്നിവരുടെ പേരുകൾ ജില്ലാ കൗൺസിലുകൾ നിർദേശിച്ചെങ്കിലും മാവേലിക്കരയിൽ സി.എ.അരുൺകുമാറിന്റെ പേരിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.
സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽപെടുന്ന ജില്ലാ കൗൺസിലുകളോടു മൂന്നംഗ പാനൽ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
എക്സിക്യൂട്ടീവിൽ നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മാവേലിക്കര സീറ്റിൽ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് നിർദേശിക്കപ്പെട്ട പന്ന്യൻ രവീന്ദ്രൻ മത്സരത്തിനു പൂർണസമ്മതം അറിയിച്ചിട്ടില്ല. സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം വൈകിട്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.
ജില്ലാ കൗൺസിലുകളുടെ ശുപാർശ പാനൽ
∙ തിരുവനന്തപുരം- പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, കെ.പ്രകാശ്ബാബു.
∙ തൃശൂർ- വി.എസ്.സുനിൽകുമാർ, മന്ത്രി കെ.രാജൻ, ജില്ലാ സെക്രട്ടറി കെ.െക.വൽസരാജ്.
∙ ആലപ്പുഴ (മാവേലിക്കര)- ജില്ലാ കൗൺസിൽ അംഗവും മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എ.അരുൺകുമാർ, ചേർത്തല മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർഥൻ, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.സന്തോഷ്കുമാർ.
∙ കൊല്ലം (മാവേലിക്കര)- ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.എസ്.അനിൽ.
∙ കോട്ടയം (മാവേലിക്കര)-ചിറ്റയം ഗോപകുമാർ, കെ.അജിത്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ.
∙ വയനാട്-ദേശീയ കൗൺസിൽ അംഗം ആനി രാജ, സംസ്ഥാന അസി.സെക്രട്ടറി പി.പി.സുനീർ, സത്യൻ മൊകേരി.
∙ മലപ്പുറം (വയനാട്)- ആനി രാജ, പി.പി.സുനീർ, മഹിളാ ഫെഡറേഷൻ നേതാവ് പി.വസന്തം