കർണാടകയുടെ 15 ലക്ഷം വേണ്ട: അജീഷിന്റെ കുടുംബം
Mail This Article
മാനന്തവാടി ∙ കർണാടകയിൽ നിന്നു വന്ന കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. സർക്കാർ തീരുമാനത്തിനെതിരെ കർണാടക ബിജെപി രംഗത്തു വന്നതിൽ പ്രതിഷേധിച്ചാണു കുടുംബത്തിന്റെ തീരുമാനം. ഇക്കാര്യം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച രാഹുൽ ഗാന്ധി എംപി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.
ഇതിനെതിരെ, കർണാടകയിലെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. കർണാടകക്കാരുടെ നികുതിപ്പണം വയനാട് എംപിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയമായി ചെലവാക്കാൻ കഴിയില്ലെന്നും തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നുമായിരുന്നു കർണാടകയിലെ ബിജെപി നേതാക്കളുടെ പ്രതികരണം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ പേരിൽ പോലും കർണാടക ബിജെപി ചേരിതിരിവിനു ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയെന്നും, മനുഷ്യത്വരഹിതമായ നടപടിയായെന്നും അജീഷിന്റെ ബന്ധുക്കൾ പറഞ്ഞു.