കാട്ടാനക്കലിയിൽ ജീവൻ നഷ്ടമായ സുരേഷിന് കണ്ണീർവിട
Mail This Article
മൂന്നാർ ∙ കാട്ടാനക്കലിയിൽ വീണ്ടും ചോരവീണ മൂന്നാറിനെ കണ്ണീരിൽ നനയിച്ചു കന്നിമലയിലെ ഓട്ടോഡ്രൈവർ മണി എന്ന സുരേഷിന്റെ അന്ത്യയാത്ര. മൂന്നാറിനെ നിശ്ചമാക്കിയ ഹർത്താലിലും റോഡ് ഉപരോധത്തിലും ജനരോഷം അണപൊട്ടിയതോടെ നഷ്ടപരിഹാരത്തുകയായി 10 ലക്ഷം രൂപ സുരേഷിന്റെ കുടുംബത്തിന് ഇന്നലെത്തന്നെ വനംവകുപ്പ് കൈമാറി.
തിങ്കളാഴ്ച രാത്രിയാണു എസ്.സുരേഷ് കുമാറിനെ (മണി - 45) ഒറ്റയാൻ ആക്രമിച്ചു കൊലപ്പെടുത്തിയത്. കാട്ടാനശല്യത്തിനു വനംവകുപ്പ് പരിഹാരം കാണാതെ സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിട്ടുനൽകില്ലെന്നു പ്രഖ്യാപിച്ച ജനം മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചു. ദേവികുളം സബ് കലക്ടറുടെ വാഹനം റോഡിൽ തടഞ്ഞു മടക്കിവിട്ടു. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു.
സുരേഷിന്റെ രണ്ടു മക്കളുടെയും പഠനച്ചെലവ് ഏറ്റെടുക്കണമെന്നും കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകണമെന്നും സർക്കാരിനോടു ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. പരുക്കേറ്റവരുടെ ചികിത്സച്ചെലവും സർക്കാർ വഹിക്കും. ഇതോടെ റോഡ് ഉപരോധം അവസാനിച്ചു. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സുരേഷിന്റെ മൃതദേഹം കന്നിമല ടോപ് ഡിവിഷനിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. തോട്ടം തൊഴിലാളിയായ ഇന്ദിരയാണു സുരേഷിന്റെ ഭാര്യ. മക്കൾ: വിദ്യാർഥികളായ ശരൺ (13), യോഗേശ്വരൻ (10).
തിങ്കളാഴ്ച രാത്രി 9.45നു കന്നിമല ടോപ് ഡിവിഷനിലേക്കു 5 യാത്രക്കാരുമായി പോയ ഓട്ടോയെ റോഡിൽനിന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആന എടുത്തെറിഞ്ഞ സുരേഷ് തൽക്ഷണം മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ എസ്.എസക്കിരാജ് (44), ഭാര്യ റജീന (33), മകൾ കുട്ടിപ്രിയ (11) എന്നിവർക്കും പരുക്കേറ്റു. ഇവർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു യാത്രക്കാരായ ജാർഖണ്ഡ് സ്വദേശി ആദിത്യ (18), ഒഡീഷ സ്വദേശി പിൽസൺ മുണ്ടൈ (28) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ജനുവരി 24നു രാത്രിയിൽ തെന്മലയിൽ കോയമ്പത്തൂർ സ്വദേശി പോൾ രാജിനെ ആക്രമിച്ചു കൊന്ന അതേ കൊമ്പനാണു സുരേഷിനെയും ആക്രമിച്ചതെന്നാണു വനംവകുപ്പിന്റെ നിഗമനം. വന്യമൃഗ ആക്രമണത്തിൽ നടപടിയെടുക്കാത്ത സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ചു ഡീൻ കുര്യാക്കോസ് എംപി മൂന്നാറിൽ നിരാഹാര സമരം ആരംഭിച്ചു. വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും.