‘നിങ്ങളെന്തേ അറിഞ്ഞില്ല?’: അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ്; വാട്സാപ് ഗ്രൂപ്പിൽനിന്ന് നീക്കിയിട്ടും ആരും മിണ്ടിയില്ല
Mail This Article
തിരുവനന്തപുരം ∙ തന്റെ മകനു സംഭവിച്ചതെന്താണെന്നു പരസ്യമായി പറയാൻ, അന്നു പരസ്യവിചാരണ കണ്ട നൂറോളം കുട്ടികളിൽ ആരും തയാറാകാത്തത് പൂക്കോട് ക്യാംപസിൽ ഇപ്പോഴും എസ്എഫ്ഐയുടെ ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണെന്നു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.
‘ഡീനും അധ്യാപകരും അക്രമികൾക്കു കൂട്ടുനിൽക്കുമ്പോൾ കുട്ടികൾ എങ്ങനെ ഭയക്കാതെ മുന്നോട്ടുവരും. എന്റെ മകനു സംഭവിച്ചത് ഒരാൾക്കും ഇനി സംഭവിക്കരുത്. അതിനുവേണ്ടിയാണ് ഗവർണർ അടക്കമുള്ളവർക്കു പരാതി നൽകിയത്. ഇൗ കേസ് നിഷ്പക്ഷമായി അന്വേഷിക്കണം. ഇല്ലെങ്കിൽ ഏതറ്റം വരെയും ഞങ്ങൾ പോകും.
സിദ്ധാർഥനെ കാണാൻ അമ്മയും അവന്റെ അമ്മാവനും അനുജനും ഒക്കെ ഇടയ്ക്കിടെ വയനാട്ടിൽ പോകുമായിരുന്നു. ശാന്തസുന്ദരമായ അന്തരീക്ഷമാണ് കോളജിൽ. അത് അവനും ഞങ്ങൾക്കും ഇഷ്ടമായിരുന്നു. ആദ്യ വർഷം പുറത്ത് വീടു വാടകയ്ക്കെടുത്താണ് അവനും കൂട്ടുകാരും താമസിച്ചിരുന്നത്. രണ്ടാം വർഷമാണു കോളജ് ഹോസ്റ്റൽ ലഭിച്ചത്.’
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിനോട് ചോദ്യം: നിങ്ങളെന്തേ അറിഞ്ഞില്ല?
തിരുവനന്തപുരം ∙ ‘ആ കോളജ് നിങ്ങളാണല്ലോ ഭരിക്കുന്നത്? അവിടെ ലഹരി ഉപയോഗവും റാഗിങ്ങും അനാശാസ്യവും ഒക്കെ നടന്നിട്ടും നിങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല?’ – വീട്ടിലെത്തിയ എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് മരിച്ച സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ചോദിച്ചു.
ക്യാംപസിൽ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയ സിഞ്ചോ എസ്എഫ് ഐയുടെ യൂണിറ്റ് ഭാരവാഹിയാണ്. മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് അവനാണെന്നും ജയപ്രകാശ് പറഞ്ഞു. എന്നാൽ, ആശ്വസിപ്പിക്കാനെത്തിയ അനുശ്രീയോട് സിദ്ധാർഥന്റെ അമ്മ ഒന്നും മിണ്ടിയില്ല.
വാട്സാപ് ഗ്രൂപ്പിൽനിന്ന് നീക്കിയിട്ടും ആരും മിണ്ടിയില്ല
കൽപറ്റ ∙ വെറ്ററിനറി കോളജിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻമാരും സിദ്ധാർഥനെ മർദിച്ചവരിലുണ്ട്. 14ന് മർദനം ആരംഭിച്ചതിനു പിന്നാലെ സിദ്ധാർഥനെ എല്ലാ ഗ്രൂപ്പുകളിൽനിന്നും പുറത്താക്കിയിരുന്നു. ജീവനക്കാർ ഉൾപ്പെടുന്ന ഗ്രൂപ്പായിട്ടും ആരും പ്രതികരിച്ചില്ല. സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ശേഷം ചില വിദ്യാർഥികളും അധ്യാപകരും വാട്സാപ് ഗ്രൂപ്പിൽ ചർച്ച നടത്തിയപ്പോൾ, പോസ്റ്റിടാൻ അഡ്മിൻമാരെ മാത്രം അനുവദിക്കുന്ന തരത്തിൽ സെറ്റിങ്സ് മാറ്റുകയും ചെയ്തു.