സിദ്ധാർഥന്റെ മരണം: കൊലപാതകസാധ്യത അന്വേഷിക്കും, പരുക്കുകൾ കൊലപാതകത്തിലേക്കു വിരൽചൂണ്ടുന്നു
Mail This Article
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും. കൊലപാതകസാധ്യതയുടെ ചുരുളഴിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സിദ്ധാർഥൻ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരുക്കുകൾ അതിനു തെളിവാണെന്നും മാതാപിതാക്കൾ പറയുന്നു. കൊലപാതകസാധ്യത സംശയിക്കാനുള്ള കാരണങ്ങൾ ഇവ:
∙ പൊലീസ് എത്തുംമുൻപുതന്നെ പ്രതികളുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സിദ്ധാർഥന്റെ മൃതദേഹം അഴിച്ചെടുത്തു. മൃതദേഹം വാഹനത്തിൽ കയറ്റാൻ മുന്നിൽനിന്നതു പ്രതികളിൽ ചിലർതന്നെ. കൃത്യം നടന്ന ഹോസ്റ്റലിലും സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറിയിലുമെല്ലാം പൊലീസ് എത്തുംമുൻപ് പ്രതികളുൾപ്പെടെ കയറിയിറങ്ങിയതിനാൽ തെളിവു നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.
∙ ക്രൂരമർദനത്തിനിരയാകുകയും ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തയാൾ ശുചിമുറിയിലെ വെന്റിലേറ്ററിൽ തൂങ്ങിമരിക്കുമോ എന്നു സംശയം.
കേബിളുകളും ഗ്ലൂ ഗണ്ണുംകണ്ടെടുത്തു
മുഖ്യപ്രതി സിൻജോ ജോൺസനുമായി അന്വേഷണസംഘം ഹോസ്റ്റലിൽ തെളിവെടുപ്പു നടത്തി. സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഇലക്ട്രിക് കേബിളുകളും ഗ്ലു ഗണ്ണും (പശ ഒട്ടിക്കുന്നതിനുള്ള ചെറുയന്ത്രം) പൊലീസ് സിൻജോയുടെ മുറിയിൽനിന്നു കണ്ടെടുത്തു.
മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ കൂടുതൽ വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്യുന്നു. നിലവിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയും കണക്കിലെടുക്കും. ഇതിനുശേഷമേ കൂടുതൽ പ്രതികളുണ്ടോയെന്നു വ്യക്തമാകുകയുള്ളൂ. കോളജ് അധികൃതർ 3 വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്തിയ 19 വിദ്യാർഥികളിൽ ഒരാൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നതു ദുരൂഹമായി തുടരുന്നു. ഇന്ന് സർവകലാശാലയിലേക്കു വിവിധ സംഘടനകളുടെ പ്രതിഷേധം നടക്കും.
എല്ലാം വിസിയെ അറിയിച്ചു
വിവരങ്ങൾ ഫോണിലൂടെ വിസിയെ അറിയിച്ചിരുന്നു. ഹോസ്റ്റലിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വാർഡൻ ബന്ധപ്പെടേണ്ടതില്ല. അക്കാദമിക് പ്രവർത്തനങ്ങളുടെ തലവനാണ് ഡീൻ. ഹോസ്റ്റലിലല്ല താമസിക്കേണ്ടത്. ഡീനിന്റെ പണി സെക്യൂരിറ്റി സർവീസല്ല. സംഭവം നടക്കുമ്പോൾ അസി. വാർഡനുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കായി കോഴിക്കോട്ടു പോയിരിക്കുകയായിരുന്നു. -എം.കെ.നാരായണൻ(അക്കാദമിക് ഡീനും വാർഡനും)
ഡീൻ ഒന്നും അറിയിച്ചില്ല
സിദ്ധാർഥന്റെ മരണവിവരം അപ്പോൾ അറിയിക്കാതെ അധ്യാപകർ മറച്ചുവച്ചു. അറിഞ്ഞിരുന്നെങ്കിൽ ഇടപെടുമായിരുന്നു. 18ന് വൈകിട്ട് തൃശൂരിൽനിന്നു പൂക്കോട്ടേക്കുള്ള യാത്രയിലാണു മരണവിവരം അറിഞ്ഞത്. റിപ്പോർട്ട് നൽകാൻ 19നുതന്നെ ഡീനിനെ ചുമതലപ്പെടുത്തി. എന്നാൽ, ഡീൻ വിവരങ്ങളൊന്നും അറിയിച്ചില്ല. ക്യാംപസിലുണ്ടായിരുന്ന സമയത്തും റാഗിങ് അടക്കമുള്ള വിവരങ്ങൾ അറിയിച്ചിരുന്നില്ല. സർവകലാശാലയിൽ അഭിമുഖം നടക്കുന്നതിനാലാണ് 18ന് എത്തിയത്. അപ്പോഴേക്കും മൃതദേഹം കൊണ്ടുപോയിരുന്നു. 19നു മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ അഭിമുഖം നിർത്തിവച്ചു.-ഡോ. എം.ആർ.ശശീന്ദ്രനാഥ് (മുൻ വിസി)