ADVERTISEMENT

ഇടതുമുന്നണി ഉറച്ച കോട്ടയെന്നു കരുതിയിരുന്ന കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞതവണ രാജ്മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫ് നേടിയ വിജയം സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്. എൽഡിഎഫിനു മേൽക്കൈയുള്ള മണ്ഡലമാണെങ്കിലും യുഡിഎഫിനെയും സ്വീകരിക്കാതിരുന്നിട്ടില്ല. മണ്ഡലം രൂപീകരിച്ച 1971ലെ ആദ്യ തിരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ ഇ.കെ.നായനാരെ തോൽപിച്ചത് അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന, ഇന്ന് എൽഡിഎഫ് മന്ത്രിസഭയിൽ അംഗമായ രാമചന്ദ്രൻ കടന്നപ്പള്ളി.

തൊട്ടടുത്ത തിരഞ്ഞെടുപ്പിലും കടന്നപ്പള്ളി ജയം ആവർത്തിച്ചു. 1980 ൽ മണ്ഡലം എൽഡിഎഫിന്റെ കൈകളിലെത്തിയെങ്കിലും 1984 ൽ യുഡിഎഫ് തിരിച്ചുപിടിച്ചു. 1989 ൽ എൽഡിഎഫ് വീണ്ടും വിജയം നേടി. ശേഷം 3 പതിറ്റാണ്ട് എൽഡിഎഫിന്റെ കുത്തകയായ മണ്ഡലം 2019 ൽ രാജ്മോഹൻ ഉണ്ണിത്താനിലൂടെ 40,438 വോട്ടിന് യുഡിഎഫ് പിടിച്ചെടുത്തു.

2014 ലെ തിരഞ്ഞെടുപ്പിൽ തന്നെ കാസർകോട് മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനകൾ നൽകിയിരുന്നു. 2009 ലെ തിരഞ്ഞെടുപ്പിൽ 64,427 വോട്ടുകൾക്കു വിജയിച്ച സിപിഎമ്മിലെ പി.കരുണാകരന്റെ ഭൂരിപക്ഷം 2014 ൽ യുഡിഎഫ് ടി.സിദ്ദീഖിനെ ഇറക്കിയപ്പോൾ 6921 ആയി കുറഞ്ഞു.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ഈ പാർലമെന്റ് മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യത്തെ 2 മണ്ഡലങ്ങളിൽ യുഡിഎഫിനും ബാക്കി 5 മണ്ഡലങ്ങളിൽ എൽഡിഎഫിനുമാണു വിജയം. കഴിഞ്ഞ നിയമസഭാ വോട്ടുകണക്കിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ മേൽക്കൈ എൽഡിഎഫിനുണ്ട്. 

പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്നു യുഡിഎഫ് പറയുന്നു. യുഡിഎഫിനു വേണ്ടി രാജ്മോഹൻ ഉണ്ണിത്താൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.വി.ബാലകൃഷ്ണനും ബിജെപി സ്ഥാനാർഥിയായി അപ്രതീക്ഷിതമായി എത്തിയ എം.എൽ.അശ്വിനിയും പര്യടനം ആരംഭിച്ചു.

എംപിയെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രകടനമാണു യുഡിഎഫിന്റെ കരുത്ത്. മണ്ഡലത്തിലെ മുക്കിലും മൂലയിലും കഴി‍ഞ്ഞ 5 വർഷം നിറസാന്നിധ്യമായിരുന്ന ഉണ്ണിത്താൻ ജനകീയ എംപി എന്ന വിളിപ്പേരും നേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ എം.വി.ബാലകൃഷ്ണൻ നടത്തിയ പ്രവർത്തനങ്ങളും സിപിഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനവുമാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നത്. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള അടുത്ത ബന്ധവും വോട്ടാക്കി മാറ്റാനാണു ശ്രമം.

മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ബിജെപി നേടുന്ന വോട്ടുകളും ജയപരാജയങ്ങളെ സ്വാധീനിക്കും. പി.കെ.കൃഷ്ണദാസ് അടക്കമുള്ള പ്രഗല്ഭരുടെ പേരുകൾ പറഞ്ഞുകേട്ട ശേഷമാണ് മഹിളാമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം എം.എൽ.അശ്വിനിക്കു നറുക്കുവീണത്.

English Summary:

Loksabha Elections 2024 kasargod constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com