ADVERTISEMENT

തൃപ്പൂണിത്തുറ ∙ ആദ്യം ഗംഗ, പിന്നീടു യമുന. പുഴകളുടെ പേരുള്ള മെട്രോ ട്രെയിനുകൾ പാളത്തിൽ കുതിച്ചു. രാവിലെ കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതോടെ തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ സ്റ്റേഷനിൽ നിന്നുള്ള ആദ്യ സർവീസിനു തുടക്കമായി. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണു പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത്. ഇതോടെ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെ തൃപ്പൂണിത്തുറയിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ‘ഗംഗ’ എന്നു പേരുള്ള ആദ്യ ട്രെയിൻ ആലുവയിലേക്കു പുറപ്പെട്ടു. 105 കുട്ടികൾ ആദ്യ ട്രെയിനിൽ യാത്ര ചെയ്തു. ആദ്യ ട്രെയിനിനു പിന്നാലെ ജനങ്ങൾക്കുള്ള സർവീസ് ആരംഭിച്ചു. 12നു ‘യമുന’ എന്ന പേരുള്ള ട്രെയിൻ രണ്ടാമതായി സർവീസ് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.

കൊച്ചി മെട്രോയിലെ ദൈനംദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുന്നുവെന്നതു കുറഞ്ഞ നിരക്കിൽ മികച്ച നിലവാരമുള്ള പൊതുഗതാഗതം ഏർപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരിശ്രമം വിജയം കണ്ടതിന്റെ തെളിവാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 60 രൂപയാണ് ഈടാക്കുന്നത്. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. ആദ്യ ദിനം യാത്രക്കാരെ വരവേറ്റ മോഹിനിയാട്ടം വേഷത്തിലുള്ള റോബട്ടും ശ്രദ്ധാകേന്ദ്രമായി.

English Summary:

Prime Minister Narendra Modi dedicated Tripunithura Metro Terminal to nation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com