ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ആയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞു. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളായി; എൻഡിഎയുടെ 8 സ്ഥാനാർഥികളെ കൂടി ഇനി പ്രഖ്യാപിക്കാനുണ്ട്. 3 ദിവസത്തിനുള്ളിൽ അവരും ചിത്രത്തിൽ വരുമെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു. ഇതോടെ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളും ത്രികോണ മത്സരത്തിനു സജ്ജമാകും. 

പട്ടിക നേരത്തേ പ്രഖ്യാപിച്ച എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾ തുടങ്ങി. തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ കൺവൻഷനുകൾ ഇന്നു നടക്കും. നാളെ  ഇടതുമുന്നണിയുടെ പാർലമെന്റ് മണ്ഡലം കൺവൻഷനുകൾ പൂർത്തിയാകും. ഇതോടെ 20 മണ്ഡലങ്ങളിലും അവർക്കു പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുമാകും. അസംബ്ലി മുതൽ ബൂത്ത് വരെയുള്ള കൺവൻഷനുകളുടെ തീയതികൾ തയാറായി. എൽഡിഎഫ് സ്ഥാനാർഥികൾ റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളുമായി കളത്തിലുണ്ട്.

സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ കോൺഗ്രസിന്റെ സിറ്റിങ് എംപിമാർ ഒച്ചപ്പാടില്ലാതെ വോട്ടു തേടുന്ന രീതിയാണു പിന്തുടർന്നത്. ഇന്ന് അവരും കളത്തിലിറങ്ങും.

തിരഞ്ഞെടുപ്പു തീയതി  പ്രഖ്യാപിക്കാത്തതിന്റെ അനിശ്ചിതത്വം മുന്നണികൾക്കും സ്ഥാനാർഥികൾക്കുമുണ്ട്. ഇപ്പോഴത്തെ നിലയിൽ ഒന്നര മാസമെങ്കിലും പ്രചാരണച്ചൂടിൽ വിയർക്കേണ്ടിവരുമെന്ന സൂചനയാണു നേതാക്കൾക്കുള്ളത്.

കഴിഞ്ഞ തവണ നേരിട്ട വലിയ തിരിച്ചടി ആവർത്തിക്കാനിടയുള്ള സാഹചര്യം ഒട്ടുമില്ലെന്നും മുന്നോട്ടു വരാൻ കഴിയുമെന്നുമുള്ള വിലയിരുത്തലാണ് ഇന്നലത്തെ  എൽഡിഎഫ് നേതൃയോഗത്തിൽ ഉണ്ടായത്. ആ പ്രതീക്ഷ തെറ്റുമെന്നും 2019 ആവർത്തിക്കുമെന്നുമാണ്  കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ. വയനാട്ടിൽ വീണ്ടും മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം സംബന്ധിച്ച പ്രതികരണങ്ങളൊന്നും എൽഡിഎഫ് യോഗത്തിൽ  ഉണ്ടായില്ല. ഇടതു പാർട്ടികളും ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായതിനാൽ രാഹുൽ വയനാട്ടിൽ നിന്നു പിന്മാറുമെന്ന പ്രതീക്ഷ  അവിടെ മത്സരിക്കുന്ന സിപിഐക്ക് ഉണ്ടായിരുന്നെങ്കിലും സിപിഎം ആ അഭിപ്രായം ഏറ്റുപിടിച്ചിരുന്നില്ല.

സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് അവസാനം വരുത്തിയ മാറ്റങ്ങൾ യുഡിഎഫിലെ ഘടകകക്ഷികളും സ്വാഗതം ചെയ്യുന്നു. വടകരയി‍ൽ ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് മുസ്‌ലിം ലീഗും താൽപര്യപ്പെട്ടിരുന്നു. ലീഗ് നേരത്തേ ആവശ്യപ്പെട്ട മണ്ഡലമാണ് വടകര. പത്മജയുടെ ബിജെപി പ്രവേശനത്തിനു പിറ്റേ ദിവസം തന്നെ അവരുടെ കൂടി തട്ടകമായ തൃശൂരിൽ കെ.മുരളീധരനെ നിർത്തിയത് കൃത്യമായ മറുപടിയായി. ആലപ്പുഴയിൽ കെ.സി.വേണുഗോപാലിന്റെ വരവ് സമീപ മണ്ഡലങ്ങളിലും ആവേശം വിതയ്ക്കുമെന്ന പ്രതീക്ഷയും മുന്നണിക്കുണ്ട്.

ബിഡിജെഎസ് സ്ഥാനാർഥികൾ ഇന്ന്

ചേർത്തല/ ചങ്ങനാശേരി ∙ എൻഡിഎയിൽ ബിഡിജെഎസിനു നൽകിയ 4 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്നു കോട്ടയത്തു പ്രഖ്യാപിക്കും.  മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി സീറ്റുകളിലാണു പാർട്ടി മത്സരിക്കുന്നത്.  സീറ്റുകൾ സംബന്ധിച്ചു മുന്നണിയിൽ അഭിപ്രായവ്യത്യാസമില്ലെന്നു സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

തുഷാർ കോട്ടയത്തു സ്ഥാനാർഥിയായേക്കും. കഴിഞ്ഞ തവണ വയനാട്, ആലത്തൂർ, മാവേലിക്കര, ഇടുക്കി എന്നിവിടങ്ങളിലാണ് ബിഡിജെഎസ് മത്സരിച്ചത്.

സ്മോൾ ബോയ് തന്നെ

താൻ ‘സ്മോൾ ബോയ്’ തന്നെയെന്ന് പി.സി.ജോർജിന്റെ പരാമർശത്തിനുള്ള മറുപടിയായി തുഷാർ പറഞ്ഞു. പത്മജയ്ക്കു പിന്നാലെ ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Loksabha Election 2024: Kerala Ready for Election Campigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com