ADVERTISEMENT

മൂന്നാർ ∙ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി. രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായതോടെയാണ് ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവർ അനുനയ നീക്കവുമായി രംഗത്തെത്തിയത്.

വ്യാഴാഴ്ച മൂന്നാറിലെത്തിയ ഇരുവരും രാജേന്ദ്രൻ വിഷയം ചർച്ച ചെയ്തു. തുടർന്ന് രാജേന്ദ്രനുമായി അടുത്ത ബന്ധമുള്ള പാർട്ടി നേതാവിനെ ചർച്ചകൾക്കായി ചുമതലപ്പെടുത്തി. ഈ നേതാവ് വീട്ടിലെത്തി രണ്ടു മണിക്കൂറിലധികം സമയം രാജേന്ദ്രനുമായി ചർച്ച നടത്തി. പാർട്ടിയിൽ മടങ്ങിയെത്തി സജീവമാകണമെന്നും മറ്റു പാർട്ടികളിലേക്കു പോകരുതെന്നുമായിരുന്നു ചർച്ചയിലെ പ്രധാന ആവശ്യം. പാർട്ടിയിൽ മടങ്ങിയെത്തിശേഷം, മുൻപ് വഹിച്ചിരുന്ന പദവികൾ നൽകാമെന്ന് ജില്ലാ നേതൃത്വം ഉറപ്പുകൊടുത്തതായാണ് സൂചന.

പാർട്ടിയുമായി അകന്ന രാജേന്ദ്രനെ പൊതുവേദികളിൽ ഏറ്റവുമധികം വിമർശിക്കുകയും കൈകാര്യം ചെയ്യണമെന്ന് അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്ത മുതിർന്ന നേതാവ് എം.എം.മണി അയഞ്ഞത് ശുഭസൂചനയാണ്. രാജേന്ദ്രനുമായി ചില പ്രാദേശിക നേതാക്കൾക്കുള്ള ഭിന്നത മാത്രമാണ് നിലനിൽക്കുന്നത്. ഈ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നാണ് കരുതുന്നത്.15 വർഷം എംഎൽഎയായിരുന്ന രാജേന്ദ്രന് തോട്ടം മേഖലയിലെ തമിഴ് ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമാണുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും ചില നേതാക്കളുമായുള്ള ഭിന്നത മൂലം അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായിട്ടില്ല.

English Summary:

CPM to persuade S Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com