സ്ഥാനമൊഴിഞ്ഞ മണ്ഡലം പ്രസിഡന്റുമാർ ഡിസിസി അംഗങ്ങളായേക്കും
Mail This Article
തിരുവനന്തപുരം∙ പുനഃസംഘടനയുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞവരെ ഡിസിസി അംഗങ്ങളാക്കിയേക്കും. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവരെ ഡിസിസി എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ കെപിസിസി തീരുമാനിച്ചിരുന്നു. മുൻ മണ്ഡലം പ്രസിഡന്റുമാർക്കു കൂടി കമ്മിറ്റി അംഗത്വം നൽകണമെന്ന് ഇന്നലെച്ചേർന്ന കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതിയംഗങ്ങളുടെയും യോഗത്തിൽ വി.എസ്.ശിവകുമാറാണു നിർദേശിച്ചത്.
ഇക്കാര്യം പരിഗണിക്കാമെന്നും നേതാക്കളുമായി ചർച്ച നടത്തിയശേഷം തീരുമാനിക്കാമെന്നും ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ മറുപടി നൽകി. ഇന്ന് ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ തുടങ്ങിയ നേതാക്കളുമായി എം.എം.ഹസൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ വിഷയം ചർച്ചയ്ക്കു വച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങളെല്ലാം കഴിയുന്നത്ര പരിഹരിക്കണമെന്നു വി.എം.സുധീരൻ ആവശ്യപ്പെട്ടു. ഗുരുതരമല്ലാത്ത അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.
ഡിസിസികളുമായി ആലോചിച്ച് ഒരാഴ്ചയ്ക്കകം ഇതിനുള്ള നടപടിയെടുക്കുമെന്ന് എം.എം.ഹസൻ അറിയിച്ചു. പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘രാഷ്ട്രീയ പിതൃത്വം’ പരാമർശം അപക്വമാണെന്നും അപലപിക്കേണ്ടതാണെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. ഇതിനെല്ലാം മറുപടി നൽകിയതാണെന്നും ഇനി ആ വിഷയം ചർച്ചയാക്കേണ്ടതില്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരാൻ യോഗം തീരുമാനിച്ചു. വടകര, തൃശൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു രംഗത്തു പാർട്ടി പ്രവർത്തകരിൽ ഉണർവുണ്ടാക്കിയതായാണു വിലയിരുത്തൽ. 20 മണ്ഡലങ്ങളിലും കെപിസിസി ഭാരവാഹികൾക്ക് ഏകോപനച്ചുമതല നൽകി.
∙ മണ്ഡലങ്ങളിലെ ചുമതലക്കാർ
തിരുവനന്തപുരം - മരിയാപുരം ശ്രീകുമാർ, ആറ്റിങ്ങൽ - ജി.സുബോധൻ, കൊല്ലം - എം.എം.നസീർ, മാവേലിക്കര - ജോസി സെബാസ്റ്റ്യൻ, പത്തനംതിട്ട - പഴകുളം മധു, ആലപ്പുഴ - എം.ജെ.ജോബ്, കോട്ടയം - പി.എ.സലിം, ഇടുക്കി - എസ്.അശോകൻ, എറണാകുളം - അബ്ദുൽ മുത്തലിബ്, ചാലക്കുടി - ദീപ്തി മേരി വർഗീസ്, തൃശൂർ - ടി.എൻ.പ്രതാപൻ, ആലത്തൂർ - വി.ടി.ബൽറാം, പാലക്കാട് - സി.ചന്ദ്രൻ, പൊന്നാനി - ആര്യാടൻ ഷൗക്കത്ത്, മലപ്പുറം - ആലിപ്പറ്റ ജമീല, വയനാട് - ടി.സിദ്ദീഖ്, കോഴിക്കോട് - പി.എം.നിയാസ്, വടകര - വി.പി.സജീന്ദ്രൻ, കണ്ണൂർ - കെ.ജയന്ത്, കാസർകോട് - സോണി സെബാസ്റ്റ്യൻ
താൽക്കാലിക അധികാരക്കൈമാറ്റം
കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതിയംഗങ്ങളുടെയും യോഗത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല കെ.സുധാകരൻ യുഡിഎഫ് കൺവീനർ എം.എം.ഹസനെ ഏൽപിച്ചു. നിർണായകമായ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനത്തെ മികവോടെ ചലിപ്പിക്കാൻ ഹസനു കഴിയുമെന്നു സുധാകരൻ പറഞ്ഞു. താൻ സ്ഥാനമൊഴിഞ്ഞപ്പോൾ ആദ്യം ആക്ടിങ് പ്രസിഡന്റായ ഹസൻ മികച്ച രീതിയിൽ പാർട്ടിയെ നയിച്ചെന്നും അതു തുടരാനാകുമെന്നും വി.എം.സുധീരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗം ശശി തരൂർ, എം.ലിജു എന്നിവർ പ്രസംഗിച്ചു. വർക്കിങ് പ്രസിഡന്റായി കഴിഞ്ഞദിവസം നിയമിക്കപ്പെട്ട ടി.എൻ.പ്രതാപൻ എത്തിയില്ല. മറ്റു ജില്ലകളിൽനിന്നു സ്ഥാനാർഥികളാരും എത്തേണ്ടതില്ലെന്നു നിർദേശം നൽകിയിരുന്നു.