ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഐഡിസിയുടെ നോമിനി ഡയറക്ടർക്കു കഴിഞ്ഞ സാമ്പത്തിക വർഷം സിറ്റിങ് ഫീസിനു പുറമേ ശമ്പളവും നൽകിയെന്നു സിഎംആർഎൽ കമ്പനി പറയുന്നു. എന്നാൽ നൽകിയിട്ടില്ലെന്നു കെഎസ്ഐഡിസി വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നൽകി. കള്ളം പറയുന്നതു സിഎംആർഎലിന്റെ വാർഷിക റിപ്പോർട്ടോ, കെഎസ്ഐഡിസിയുടെ വിവരാവകാശ രേഖയോ എന്നു വ്യക്തമല്ല. 

സിഎംആർഎലിൽ പേരിനൊരു ഓഹരി പങ്കാളിത്തമേയുള്ളൂവെന്നും നോമിനി ഡയറക്ടർ ദൈനംദിന പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നുമാണു കോടതിയിലും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു മുൻപിലും കെഎസ്ഐഡിസിയുടെ വാദം. ഇതു പൊളിക്കുന്നതാണു സിഎംആർഎൽ വാർഷിക ജനറൽ ബോഡിയിൽ വച്ച 2022–23 വർഷത്തെ റിപ്പോർട്ട്. അക്കാലത്തു നോമിനി ഡയറക്ടറായിരുന്ന ആർ.രവിചന്ദ്രനു ശമ്പളമായി 9.21 ലക്ഷം രൂപയും സിറ്റിങ് ഫീസായി 5 ലക്ഷം രൂപയും നൽകിയെന്നു റിപ്പോർട്ടിലെ 53–ാം പേജിൽ പറയുന്നു. ഇക്കാര്യം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. 

ആർ.രവിചന്ദ്രനു സിഎംആർഎൽ ശമ്പളം നൽകിയിട്ടില്ലെന്നു കെഎസ്ഐഡിസി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി
ആർ.രവിചന്ദ്രനു സിഎംആർഎൽ ശമ്പളം നൽകിയിട്ടില്ലെന്നു കെഎസ്ഐഡിസി വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി

കെഎസ്ഐഡിസിയുടെ ജനറൽ മാനേജർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ നോമിനി ഡയറക്ടർ എന്ന നിലയിൽ സിഎംആർഎലിൽനിന്നു ശമ്പളം പറ്റിയെന്നു തെളിയിക്കുന്നതാണ് വാർഷിക റിപ്പോർട്ട്. 2022–23ൽ കെഎസ്ഐഡിസി ഇദ്ദേഹത്തിനു ശമ്പളമായി 22.27 ലക്ഷം രൂപ നൽകി. 2018 ഫെബ്രുവരി മുതൽ 2023 ജൂലൈ വരെ നോമിനി ‍ഡയറക്ടറായിരുന്ന രവിചന്ദ്രനു സിഎംആർഎൽ സിറ്റിങ് ഫീസായി ആകെ 18 ലക്ഷം രൂപ നൽകിയെന്നും ഈ തുക കെഎസ്ഐഡിസിയുടെ അക്കൗണ്ടിലാണു ലഭിച്ചതെന്നും മറുപടിയിലുണ്ട്. കെഎസ്ഐഡിസിയിൽ നിന്നു വിരമിച്ചതിനു തൊട്ടടുത്ത മാസം ഈ ഉദ്യോഗസ്ഥനെ സിഎംആർഎൽ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു.

English Summary:

CMRL says nominee director was paid salary, KSIDC said no; is the black sand company or the kerala government lying?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com